തെരഞ്ഞെടുപ്പ് സാമഗ്രികളുമായി ആദ്യ വാഹനം പോയത് മലക്കപ്പാറയിലേക്ക്
ചാലക്കുടി: കാര്‍മ്മല്‍ സ്കൂളിലെ തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍നിന്ന് തെരഞ്ഞെടുപ്പ് സാമഗ്രികളും ഉദ്യോഗസ്ഥരുമായി ആദ്യത്തെ വാഹനം പുറപ്പെട്ടത് മലക്കപ്പാറയിലേക്ക്. ഏറ്റവും കൂടുതല്‍ ദൂരമുള്ള ബൂത്തുകള്‍ മലക്കപ്പാറയിലായതിനാലാണ് ഏറ്റവും ആദ്യം മലക്കപ്പാറയിലേക്ക് വാഹനം അയച്ചത്.
ചാലക്കുടിയില്‍ നിന്നും തൊണ്ണൂറോളം കിലോമീറ്റര്‍ ദൂരമുള്ള മലക്കപ്പാറയില്‍ മൂന്ന് ബൂത്തുകളാണുള്ളത്. കമ്മ്യൂണിറ്റി ഹാളില്‍ ഒരു ബൂത്തും സര്‍ക്കാര്‍ സ്കൂളില്‍ രണ്ടും ബൂത്തുകളുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ലീഡറായ പൊലിസ് ഉദ്യോഗസ്ഥന് ജോണ്‍സന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 ഓടെ രണ്ട് ട്രാവലറുകളിലായാണ് യാത്രതിരിച്ചത്. മലക്കപ്പാറ ബൂത്തുകളിലേക്ക് രണ്ട് ജീപ്പുകളിലായി പോകാനാണ് ആദ്യം ലഭിച്ച നിര്‍ദേശം. ഇതനുസരിച്ച് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ജീപ്പില്‍ കയറ്റി. എന്നാല്‍ ദീര്‍ഘദൂര യാത്രയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇരിക്കാന്‍ പോലും മതിയായ സൗകര്യമില്ലെന്നും വനത്തിലൂടെയുള്ള യാത്രയായതിനാല്‍ തുറന്ന ജീപ്പ് സുരക്ഷിതമല്ലെന്നുമുള്ള ഉദ്യോഗസ്ഥരുടെ ആവശ്യം പരിഗണിച്ചാണ് പിന്നീട് ട്രാവലര്‍ അനുവദിച്ചത്. തമിഴ്നാട് അതിര്‍ഥി പ്രദേശമായ മലക്കപ്പാറയില്‍ ഭൂരിഭാഗവും തോട്ടം തൊഴിലാളികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."