യാത്രക്കാര്‍ ഇറങ്ങും മുന്‍പ് ട്രെയിന്‍ മുന്നോട്ടെടുത്തു: അപകടം ഒഴിവായത് തലനാരിഴക്ക്
പുതുക്കാട്: യാത്രക്കാര്‍ ഇറങ്ങും മുമ്പ് ട്രയിന്‍ മുന്‍പോട്ടെടുത്തു. അപകടം ഒഴിവായത് തലനാരിഴക്ക്. പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയ കന്യാകുമാരി ബാംഗ്ലൂര്‍ ഐലന്റ് എക്‌സ്പ്രസ്സിലെ എഞ്ചിന് സമീപത്തുള്ള ജനറല്‍ കംമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാരാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്ന തെക്കേതൊറവ് സ്വദേശി കുണ്ടുകുളങ്ങര ജോര്‍ജും മറ്റൊരു യാത്രക്കാരിയുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.പതിനഞ്ചോളം യാത്രക്കാരാണ് ഇറങ്ങാനുണ്ടായിരുന്നത്.രണ്ട് പേര്‍ ഇറങ്ങുമ്പോഴേക്കും ട്രയിന്‍ മുന്നോട്ടെടുത്തു.മറ്റ് യാത്രക്കാര്‍ ബഹളം വച്ചെങ്കിലും ട്രയിന്‍ നിര്‍ത്തിയില്ല. വേഗത്തില്‍ ഇറങ്ങുന്നതിനിടെ ട്രാക്കില്‍ വീണ യാത്രക്കാരിയുടെ വസ്ത്രങ്ങള്‍ കീറി.നിസാര പരിക്കേറ്റ യാത്രക്കാര്‍ പ്രാഥമിക ചികിത്സ തേടി.
സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെ ഉയരക്കുറവും രണ്ടാം പ്ലാറ്റ് ഫോമിന്റെ നീളമില്ലായ്മയുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു.ഐലന്റ് എക്‌സ്പ്രസ്സിന്റെ ജനറല്‍ കം ബാര്‍ട്ട് മെന്റുകള്‍ പ്ലാറ്റ്‌ഫോമിന് പുറത്താണ് നില്‍ക്കുന്നത്.
വളവുള്ള പാതയില്‍ യാത്രക്കാര്‍ ഇറങ്ങുന്നത് ലോക്കോ പൈലറ്റിനും ഗാര്‍ഡിനും കാണാന്‍ കഴിയാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. തൃശൂര്‍ ഒഴികെയുള്ള സ്റ്റേഷനുകളില്‍ ഐലന്റിന് ഒരു മിനിറ്റ് മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.ഈ സമയത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി ഇറങ്ങാന്‍ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്.
രണ്ടാം പ്ലാറ്റ്‌ഫോമിന് നീളമില്ലാത്തതുമൂലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും പ്ലാറ്റ്‌ഫോമിന്റെ നീളംകൂട്ടി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
രണ്ടാം പ്ലാറ്റ്‌ഫോീ ദീര്‍ഘിപ്പിക്കാനായി പുതുക്കാട് മെയിന്‍ ഗെയ്റ്റും മെറ്റല്‍ കൊണ്ടുപോകുന്നതിനുള്ള ലേ ബൈ ട്രാക്കും തടസ്സം നില്‍ക്കുകയാണ്.പ്ലാറ്റ് ഫോമുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായുളള നടപ്പാത നിര്‍മ്മാണത്തിനും ലേ ബൈ ട്രാക്ക് തടസ്സമാകും.പുതുക്കാട് സ്‌റ്റേഷന്റെ അടിസ്ഥാന വികസനത്തിന് ആവശ്യം 24 കോച്ച് ഉള്‍ക്കൊള്ളുന്ന പ്ലാറ്റ് ഫോമുകള്‍ ആണെന്ന് യാത്രക്കാര്‍ പറയുന്നു.
ഒരു ദിവസം ശരാശരി ആയിരത്തിലേറെ പേരാണ് പുതുക്കാട് സ്റ്റേഷനെ ആശ്രയിക്കുന്നത്. പ്ലാറ്റ്‌ഫോമിന്റെ നീളക്കുറവ് കണക്കിലെടുത്ത് കന്യാകുമാരി ബാംഗ്ലൂര്‍ ഐലന്റ് എക്‌സ്പ്രസ്സിന്റെ സ്റ്റോപ്പ് രണ്ട് മിനിറ്റായി ദീര്‍ഘിപ്പിക്കുകയും ട്രയിനിന്റെ ഗാര്‍ഡ്,ലോക്കോ പൈലുകള്‍ പുതുക്കാട് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."