ദുര്‍ഗന്ധം ശ്വസിച്ച് നഗരസഭാ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവും താലൂക്ക് ആശുപത്രിയില്‍
ചാവക്കാട്: പ്രളയ ബാധിത പ്രദേശം ശുചീകരണത്തിനിടെ പാലയൂരിലേക്ക് പരന്നൊഴുകിയ ചക്കംകണ്ടം മാലിന്യക്കായലിലെ ദുര്‍ഗന്ധം ശ്വസിച്ച് അവശരായ നഗരസഭാ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവും താലൂക്ക് ആശുപത്രിയില്‍.
ചാവക്കാട് നഗരസഭയിലെ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായി പി.വി പീറ്റര്‍, ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അനീഷ് പാലയൂര്‍ എന്നിവരെയാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മേഖലയിലെ പ്രളയബാധിത വീടുകളില്‍ ശുചീകരണത്തിലായിരുന്നു ഇവര്‍. ഗുരുവായൂരില്‍ നിന്നുള്ള ലോഡ്ജുകളിലേയും ഹോട്ടലുകളുള്‍പ്പെടയുള്ള വിവിധ സ്ഥാപനങ്ങള്‍ പതിവായി പുറത്തേക്കു വിടുന്ന കക്കൂസ് മാലിന്യങ്ങളാണ് പലവഴികളിലൂടെയായ തോടുകളും വലിയ തോടും കടന്ന് തെക്കന്‍ പാലയൂരിലെ ചക്കംകണ്ടം കായലിലേക്ക് എത്തുന്നത്. വര്‍ഷങ്ങളായുള്ള ഊ പ്രവൃത്തി കാരണം മേഖലയിലെ മണ്ണും വായുവും കുടിവെള്ള സ്രോതസുകളും മലിനമായി. കൃഷിയുള്‍പ്പടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. മേഖലയിലെ ജനങ്ങള്‍ വര്‍ഷങ്ങളായി സമരവും പ്രക്ഷോഭവുമൊക്കെ സംഘടിപ്പിച്ചിട്ടും ലോഡ്ജ് ഉടമകളുടെ സ്വാധീനം കാരണം രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ട് മേഖലയില്‍ നിസംഗരാണ്. പ്രശ്‌നം പരിപരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് പാതി വഴിയിലായിട്ട് വര്‍ഷങ്ങളായി. പ്ലാന്റിലേക്ക് കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം നശിച്ചു തുടങ്ങി. കഴിഞ്ഞയാഴ്ച്ച ആരംഭിച്ച പ്രളയത്തോടെ മാലിന്യം കെട്ടിക്കിടന്ന ഭാഗത്ത് നിന്ന് പരന്നൊഴുകി. ഗുരുവായൂര്‍, ചാവക്കാട് നഗരസഭകള്‍ ഒരുമനയൂര്‍, പാവറട്ടി പഞ്ചായത്തുകളില്‍ വസിക്കുന്ന നിരവധി ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍. അങ്ങാടിത്താഴം, തെക്കന്‍ പാലയൂര്‍, കാളാനി, കഴുത്താക്കല്‍, കണ്ണികുത്തി, മരുതയൂര്‍, കുണ്ടുകടവ്, പുതുമശ്ശേരി തുടങ്ങി നിരവധി പ്രദേശങ്ങളിലെ കിണറുകള്‍ അടക്കമുള്ള കുടിവെള്ള സ്രോതസുകള്‍ പൂര്‍ണ്ണമായും മലിനീകരിക്കപ്പെട്ട സാഹചര്യമാണുള്ളത്. മാറാരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമെന്ന ഭീതിയില്‍ പൗരവേദി പ്രസിഡന്റ് നൗഷാദ് തെക്കുമ്പറമ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ആരോഗ്യ വകുപ്പിന് പരാതി അയച്ചിരുന്നു.
30 വര്‍ഷത്തോളമായി ചക്കംകണ്ടം പുഴയിലും തോട്ടിലുമായി കെട്ടിക്കിടക്കുന്ന ടണ്‍കണക്കിന് മാലിന്യങ്ങളാണ് സമീപത്തെ പ്രദേശങ്ങളിലേക്കായി പരന്നൊഴുകിയതെന്ന് നൗഷാദ് ആരോപിച്ചിരുന്നു. വെള്ളക്കെട്ട് താഴ്ന്നതോടെ ചക്കംകണ്ടം കായല്‍ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ് ഉയര്‍ന്നിരിക്കുന്നത്. പൗരവേദിയുടെ പരാതിയെ തുടര്‍ന്ന് താലൂക്കിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ചു. ഇത് സംബന്ധമായി ജില്ലാ ആരോഗ്യ വകുപ്പ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കുമെന്ന് താലൂക്ക് ആരോഗ്യ ഇന്‍സ്‌പെക്ടര്‍ സി.വി അജയകുമാര്‍ പറഞ്ഞു. പ്രദേശത്ത് ക്ലോറിനേഷന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ പീറ്റര്‍, അനീഷ് എന്നിവരേയും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജി.എസ് ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി അജയ്കുമാര്‍ സന്ദര്‍ശിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളിലായിരുന്നതിനാല്‍ ബ്ലീച്ചിങ് പൗഡര്‍ പോലുള്ള വസ്തുക്കള്‍ ശ്വസിച്ചാലും ഇത്തരത്തില്‍ തളര്‍ച്ചയുണ്ടാകാമെന്ന് നഗരസഭാ അധികൃതര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."