കാനനപാത താണ്ടി ആറ്റുപതിക്കാരെത്തും
വാളയാര്‍: സംസ്ഥാനാതിര്‍ത്തിയായ വാളയാറിനോടു ചേര്‍ത്തുള്ള ആറ്റുപതി കോളനിയിക്കാര്‍ ഇന്നത്തെ വിധിയെഴുത്തിനെത്തുന്നത് അധികൃതരുടെ അവഗണനക്കെതിരായുള്ള പ്രതിഷേധ വോട്ട് ചെയ്യാനാണ്. കാലങ്ങളായി കാട്ടാനശല്യം തുടര്‍ക്കഥയായ മേഖലയില്‍ 2,000 ത്തോളം വോട്ടര്‍മാരാണുള്ളതെന്നിരിക്കെ ഇവര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കണമെങ്കില്‍ കഠിനമായ കാനനപാത താണ്ടണമെന്നതാണ് വിധി.
ആറ്റുപതി ഗ്രാമത്തിലൊരു റോഡെന്ന നിവാസികളുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. കാലങ്ങളായി മാറി മാറി വരുന്ന ഭരണസമിതിയൊന്നും ആറ്റുപതിക്കാരുടെ മോഹങ്ങള്‍ സഫലമാക്കിയിട്ടില്ല. എന്നാല്‍ ഇത്തവണത്തെ വോട്ട് ആറ്റുപതിക്കാരുടെ സ്വപ്നപദ്ധതിയെ സഫലമാക്കുന്നതിനുള്ള പ്രതിഷേധ വോട്ടാണെന്നതാണ്.
പുതുശ്ശേരി പഞ്ചായത്തില്‍പ്പെട്ട ആറാം വാര്‍ഡില്‍പ്പെട്ട ആറ്റുപതി കോളനിയില്‍ 310 ഓളം കുടുംബങ്ങളാണുള്ളത്. വാളയാര്‍ വനത്തോടുള്ള വനപ്രദേശത്തുള്ള ഈ ഗ്രാമവാസികള്‍ക്ക് പുറംലോകമെത്താന്‍ വന്യമൃഗങ്ങള്‍ സൈ്വര വിഹാരം തുടരുന്ന കാനനപാത താണ്ടിയേ മതിയാവു.
ഈ ഗ്രാമത്തിലെത്തിച്ചേരുന്ന വഴി അഞ്ച് കിലോമീറ്ററോളം പൂര്‍ണമായും വനമാണെന്നിരിക്കെ കനത്ത മഴ പെയ്താല്‍ വനപാത പുഴയായി മാറുമെന്നതിനാല്‍ യാത്ര ദുരിതമാകും. തെരഞ്ഞെടുപ്പുകാലത്തുമാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടേക്കെത്താറുള്ളൂവെന്നിരിക്കെ വിധിയെഴുത്തുകഴിഞ്ഞാല്‍ പിന്നെ ജയിച്ചവരുടെയും തോറ്റവരുടെയും പൊടിപോലും കാണാന്‍ കഴിയില്ലെന്നതാണ് സത്യം.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വാളയാറിലെ ആദിവാസി മേഖലകളുള്‍പ്പെടുന്ന ഭാഗങ്ങളിലെല്ലാം വികസനമെന്നു കേള്‍ക്കുമ്പോള്‍ ആറ്റുപതിക്കാരുടെ ആവശ്യങ്ങള്‍ക്കുമുന്നില്‍ പലരും കണ്ണടക്കുകയാണ്.
കാനനപാതിയില്‍ റോഡുവരുകയാണെങ്കില്‍ ആറ്റുപതി മേകലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ വരുമെന്ന ആത്മവിശ്വാസത്തിലാണ് ഇവിടുത്തെ ഊരു നിവാസികള്‍ സന്ധ്യമയങ്ങുന്നതോടെ സഞ്ചാരം നില്‍ക്കുന്നമേഖലയില്‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ആശുപത്രിയിലെത്തിക്കല്‍ അതീവ ഗുരുതരമാണ്. രോഗം മൂര്‍ച്ഛിച്ചാല്‍ മരിക്കുന്നവരും ഗര്‍ഭിണികള്‍ യാത്രമധ്യേ പ്രസവിക്കുന്നതും ഇവിടുത്തെ സ്ഥിരം നിത്യ സംഭവമാണ്.
വന്യമൃഗശല്യം രൂക്ഷമായ മേഖലയില്‍ ജീവന്‍ പണയം വച്ചാണ് ഇവിടെയുള്ളവര്‍ ജോലിക്കുപോയിവരുന്നതും കുട്ടികള്‍ വിദ്യാഭ്യാസ സംസ്ഥാനങ്ങിലേക്കെത്തുന്നതും. റോഡു ഗതാഗതം സാധ്യമായാല്‍ ഇതുവഴി ബസ് സര്‍വിസ് സാധ്യമാകുമെന്നതിനാല്‍ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. എന്നാല്‍ വോട്ടുതേടിയെത്തുന്നവര്‍ ജയിച്ചുകഴിഞ്ഞ് എം.പി, എം.എല്‍.എയൊക്കെയായവരെല്ലാം ആറ്റുപതിക്കാരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
വോട്ടു ചെയ്യേണ്ടത് ഭാരത പൗരന്റെ സമ്മതിനാദാനവകാശമെന്നതിനാല്‍ വോട്ടുചെയ്യുന്നത് ഇത്തവണ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തവര്‍ക്കെതിരായുള്ള പ്രതിഷേധ വോട്ടുകളാവും. കാനനപാത താണ്ടിയും ആറ്റുപതിക്കാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തുന്നത് അധികാരികളുടെ അവഗണനയോടുള്ള പ്രതിഷേധ വോട്ട് ചെയ്യാനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."