പിണറായി കൂട്ടക്കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍
കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി തൂങ്ങിമരിച്ച നിലയില്‍. രാവിലെ 10നാണ് മാതാപിതാക്കളേയും മകളേയും കൊന്ന കേസിലെ പ്രതി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെ കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയായിരുന്നു സൗമ്യയ്ക്ക്. രാവിലെ പശുക്കള്‍ക്കായി പുല്ലു വെട്ടാന്‍ പോയതായിരുന്നു. പിന്നീട് ജയില്‍ വളപ്പിലെ കശുമാവില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു.
കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചിരിക്കെയാണ് പ്രതി ജീവനൊടുക്കിയത്. സംഭവത്തിലെ ഏക പ്രതിയാണ് സൗമ്യ.
നിരവധി പേരുമായി അവിഹിത ബന്ധമുണ്ടായിരുന്ന സൗമ്യ തന്റെ ഇംഗിതത്തിന് എതിരുനിന്നവരെയാണു വകവരുത്തിയത്.
മാതാപിതാക്കളായ കമല (65), കുഞ്ഞിക്കണ്ണന്‍ (78) മകള്‍ ഐശ്യര്യ കിഷോര്‍ (എട്ട്) എന്നിവരെയാണ് ഭക്ഷണത്തില്‍ വിഷംകലര്‍ത്തി കൊലപ്പെടുത്തിയത്.
എന്നാല്‍ ഇളയമകള്‍ കീര്‍ത്തന കിഷോര്‍ (ഒന്നര) മരിച്ച സംഭവത്തില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും അതു സ്വാഭാവിക മരണമാണെന്നും സൗമ്യ മൊഴി നല്‍കിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 24നാണ് സൗമ്യയെ അറസ്റ്റുചെയ്തത്. കഴിഞ്ഞ മാര്‍ച്ച് ഏഴിനായിരുന്നു സൗമ്യയുടെ അമ്മ കമല ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
അമ്മ കമലയ്ക്കു മത്സ്യക്കറിയിലും അച്ഛന്‍ കുഞ്ഞിക്കണ്ണനു രസത്തിലുമാണ് എലി വിഷം ചേര്‍ത്തു നല്‍കിയത്. മകള്‍ ഐശ്യര്യയ്ക്കു വറുത്ത മത്സ്യത്തിനകത്തും കലര്‍ത്തി നല്‍കി. എല്ലാവര്‍ക്കും ഒരേ വിഷമാണു നല്‍കിയത്.
വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട മൂവരും ആശുപത്രികളില്‍ വച്ചാണു മരിച്ചത്. ആശുപത്രിയില്‍ എല്ലാവര്‍ക്കും കൂട്ടായിരുന്നതും പ്രതിയായ സൗമ്യ തന്നെയായിരുന്നു.
ജനുവരി 31നാണ് ഐശ്യര്യ കിഷോര്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ മരിച്ചത്. ഏപ്രില്‍ 13നാണ് സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണന്‍ ഛര്‍ദിയെതുടര്‍ന്ന് മരിച്ചത്.
ഇതെല്ലാം എലിവിഷം നല്‍കി താന്‍ കൊലപ്പെടുത്തിയതാണെന്നു സൗമ്യ കുറ്റ സമ്മതമൊഴി നല്‍കിയിട്ടുണ്ട്.
2012 സെപ്റ്റംബര്‍ ഒന്‍പതിനു സൗമ്യയുടെ മകള്‍ കീര്‍ത്തന മരിച്ചതും ഇതേ രോഗ ലക്ഷണങ്ങള്‍ തന്നെ കാണിച്ചായിരുന്നു. എന്നാല്‍ ഈ കുട്ടിയുടെ മരണത്തില്‍ തനിക്കു പങ്കില്ലെന്നാണ് സൗമ്യ പൊലിസിനു മൊഴിനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."