പട്ടാമ്പി പാലം വാഹന ഗതാഗതത്തിന് കാത്തിരിക്കേണ്ടിവരും
പട്ടാമ്പി: പാലംവഴിയുള്ള വാഹനഗതാഗതത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. തുടര്‍ച്ചയായി അവധിദിവസങ്ങള്‍കൂടി വരുന്നത് കൈവരി സ്ഥാപിക്കല്‍ നീളുന്നതിനിടയാക്കും. പാലത്തിലുണ്ടായിരുന്ന പഴയ കൈവരിയുടെ അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്ന ജോലി ആരംഭിച്ചു. പഴയ കൈവരിയുടെ പൈപ്പുകളുംമറ്റും താങ്ങിനിര്‍ത്തിയിരുന്ന കോണ്‍ക്രീറ്റ് കുറ്റികളും മറ്റുമാണ് യന്ത്രസഹായത്തോടെ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. എന്നാല്‍, തൃശൂരിലെ ഏജന്‍സിക്കാണ് കൈവരി നിര്‍മാണ കരാര്‍ നല്‍കിയിട്ടുള്ളത്. പുതിയ കൈവരികള്‍ കൂട്ടിയോജിപ്പിച്ച് പാലത്തിലെത്തിച്ച് ഘടിപ്പിച്ച് വേഗം നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. പാലത്തിന്റെ തകര്‍ന്ന ഉപരിതലം ചൊവ്വാഴ്ചരാത്രി മണ്ണുമാന്തി ഉപയോഗിച്ച് നീക്കി.
ഓണം പെരുന്നാള്‍ തിരക്കുകള്‍ കാരണം ചൊവ്വാഴ്ച വൈകീട്ടുമുതല്‍ താത്കാലിക സുരക്ഷാസംവിധാനത്തോടെ കാല്‍നടയാത്രയ്ക്ക് പാലം തുറന്നുനല്‍കിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേരാണ് വേണ്ടത്ര സുരക്ഷയില്ലാത്ത പാലത്തിലൂടെ സഞ്ചരിക്കുന്നത്. പ്രളയത്തിനുശേഷം പൊതുമരാമത്തിന്റെ പാലംവിഭാഗം അധികൃതര്‍ രണ്ടുതവണ പാലത്തില്‍ സുരക്ഷാപരിശോധന നടത്തിയിരുന്നു.
കാര്യമായ ബലക്ഷയം പാലത്തിനില്ലെന്നാണ് വിലയിരുത്തലെങ്കിലും ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ ഇനിയും പരിശോധന വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് പുഴയില്‍ ജലനിരപ്പ് താഴുന്നതുവരെ കാത്തിരിക്കുകയും വേണം. ബലക്കുറവ് കണ്ടെത്തിയാല്‍ ഇത് പരിഹരിക്കാനും ഏറെ കാത്തിരിക്കേണ്ടിവരും. ബലക്കുറവില്ലെങ്കില്‍ മുകളില്‍ കോണ്‍ക്രീറ്റ് നിരത്തി ഉപരിതലം ബലപ്പെടുത്തി ഗതാഗതം പുനരാരംഭിക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."