അലിഷാന്‍ വിടപറഞ്ഞത് പ്രളയ ബാധിതരെ സഹായിക്കുന്നതിനുള്ള നെട്ടോട്ടത്തിനിടെ
ബദിയഡുക്ക: കാറപകടത്തില്‍ മരിച്ച അലിഷാ(22)ന് നാടിന്റെ അന്ത്യാഞ്ജലി. പെരുന്നാള്‍ രാത്രിയില്‍ പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ സുഹൃത്തുക്കളോടൊപ്പം ഉപ്പളയിലെ റെഡിമെയ്ഡ് സ്ഥാപനത്തിലേക്ക് പോയതായിരുന്നു അലിഷാനും കൂട്ടുകാരും. പെരുന്നാള്‍ ആയതിനാല്‍ രാത്രി മുഴുവന്‍ കട തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലാക്കി ഏറെ വൈകിയാണ് സുഹൃത്തുക്കളായ മസൂദ് (23), സാബിത്ത് (21), ഫെര്‍നാസ്(21), മൂസ സാജിത്(24) എന്നിവരുമൊത്ത് ഉപ്പളയിലെ കടയിലേക്കു പുറപ്പെട്ടത്. അവിടെനിന്നു പെരുന്നാള്‍ വസ്ത്രമെടുത്ത് പുലര്‍ച്ചെ രണ്ടു മണിയോടെ ബദിയഡുക്കയിലേക്കു വരുന്നതിനിടെ നീര്‍ച്ചാല്‍ താഴെ ബസാറില്‍ അശാസ്ത്രീയമായി സ്ഥാപിച്ച വേഗ നിയന്ത്രണ ബോര്‍ഡിനെ വെട്ടിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നു 50 മീറ്റര്‍ മാറി ഒരു സ്വകാര്യ വ്യക്തിയുടെ മതിലില്‍ ഇടിച്ചു തലകീഴായി മറിയുകയാണുണ്ടായത്.
കാറിന്റെ മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന അലിഷാന്‍ കാറില്‍നിന്നു തെറിച്ചു വീണു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ എട്ടോടെ അലിഷാന്‍ മരണത്തിനു കീഴടങ്ങി. സുഹൃത്തുക്കള്‍ നിസാര പരുക്കുകളുടെ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ പെരഡാല ജാറം ഖബര്‍സ്ഥാനില്‍ മയ്യത്ത് ഖബറടക്കി. ബദിയടുക്കയിലെ മാര്‍ക്കറ്റ് ബോയ്‌സ് ക്ലബിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
കഴിഞ്ഞ ചില ദിവസങ്ങളില്‍ പ്രളയ ബാധിതരെ സഹായിക്കുന്നതിനു വേണ്ടി മാനവ സൗഹൃദ കൂട്ടായ്മ എന്ന പേരില്‍ കാരുണ്യ പ്രവര്‍ത്തനം നടത്താന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന അലിഷ ബദിയഡുക്ക ടൗണില്‍ ഇന്റര്‍നെറ്റ് കഫെ നടത്തി വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."