മദ്‌റസാ പൊതുപരീക്ഷ; കാഴ്ച പരിമിതരുടെ പ്രഥമ ബാച്ചിന് മികച്ച വിജയം
പെരിന്തല്‍മണ്ണ: കട്ടുപ്പാറ എസ്.എസ്.എം അന്ധ വിദ്യാലയത്തില്‍ കാഴ്ച പരിമിത വിദ്യാര്‍ഥികള്‍ക്കായി സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഗൈഡന്‍സ് ഇസ്‌ലാമിക് സെന്റര്‍ സെക്കന്‍ഡറി മദ്‌റസാ ഫോര്‍ ദി ബ്ലെന്‍ഡിലെ വിദ്യാര്‍ഥികള്‍ക്ക് മദ്‌റസാ പൊതുപരീക്ഷയില്‍ ഉന്നത വിജയം. ഏഴാം തരത്തില്‍ പരീക്ഷയെഴുതിയ രണ്ടുപേരും അഞ്ചാം തരത്തില്‍ പരീക്ഷയെഴുതിയ മൂന്നുപേരും വിജയിച്ചു. മറ്റു ക്ലാസുകളില്‍ പരീക്ഷയെഴുതിയവരും വിജയിച്ചിട്ടുണ്ട്.
2017 ജൂണിലാണ് കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി കട്ടുപ്പാറ ഗൈഡന്‍സ് കാംപസില്‍ എസ്.എസ്.എം അന്ധവിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. 2018 സെപ്റ്റംബറില്‍ അന്ധര്‍ക്കായി സംസ്ഥാനത്ത് ആരംഭിച്ച പ്രഥമ മദ്‌റസക്ക് വിദ്യാഭ്യാസ ബോര്‍ഡ് 9863-10 നമ്പറായി അംഗീകാരം നേടി. ഈവര്‍ഷം മുതല്‍ കാഴ്ചയില്ലാത്ത പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം നല്‍കാനുള്ള തയാറെടുപ്പുകള്‍ നടന്നുവരുന്നു. ബ്രൈല്‍ ലിപിയില്‍ മദ്‌റസാ പാഠപുസ്തകങ്ങള്‍ തയാറാക്കിയാണ് ഇവിടെ പഠിപ്പിക്കുന്നത്. ബ്രൈല്‍ ഖുര്‍ആന്‍ കോപ്പികളും ഇവിടെ ലഭ്യമാണ്. അന്ധവിദ്യാലയങ്ങളില്‍ നിന്നും ഏഴാംതരം വിജയിച്ച കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം നല്‍കുന്നത്.
സംസ്ഥാനത്ത് നിരവധി അന്ധവിദ്യാലയങ്ങള്‍ ഉണ്ടെങ്കിലും അന്ധരായ വിദ്യാര്‍ഥികള്‍ക്ക് മദ്‌റസാ പഠനത്തിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിനായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സോഷ്യല്‍ സര്‍വിസ് മൂവ്‌മെന്റാണ് ഈ സ്ഥാപനം ആരംഭിച്ചത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും ഡോ.സാലിം ഫൈസി കൊളത്തൂര്‍ ജനറല്‍സെക്രട്ടറിയും സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ട്രഷററുമായ കമ്മിറ്റിയാണ് സ്ഥാപനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്. സി.എം. മുസ്തഫ മാസ്റ്റര്‍ കട്ടുപ്പാറയാണ് വര്‍ക്കിങ് സെക്രട്ടറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."