പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടിങ് സൗകര്യം നിഷേധിച്ചതായി ആക്ഷേപം
കൊണ്ടോട്ടി: തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ടിങ് സൗകര്യം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധം. നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട്, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന് (ഇ.ഡി.സി) അപേക്ഷ നല്‍കിയ നൂറ് കണക്കിന് ജീവനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനൊപ്പമാണ് സാധാരണ ഗതിയില്‍ ഇ.ഡി.സി നല്‍കാറ്.
ജീവനക്കാരന് വോട്ടുള്ള പാര്‍ലമെന്റ് മണ്ഡലത്തില്‍ തന്നെ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടാല്‍ ഇ.ഡി.സിയും മറ്റ് മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ടാല്‍ പോസ്റ്റല്‍ ബാലറ്റുമാണ് നല്‍കാറുള്ളത്. ഇന്നലെ പോളിങ് കേന്ദ്രങ്ങളിലേക്ക് നല്‍കിയ വോട്ടര്‍ പട്ടികകളില്‍ ഇ.ഡി.സി എന്ന് രേഖപ്പെടുത്തിയ പല ഉദ്യോഗസ്ഥര്‍ക്കും സര്‍ട്ടിഫിക്കറ്റ് അനുവദിക്കപ്പെട്ടിട്ടില്ല. സര്‍ട്ടിഫിക്കറ്റ് പോളിങ് ബൂത്തില്‍ നല്‍കിയാലേ ജോലി ചെയ്യുന്ന ബൂത്തില്‍ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനാകൂ.
അതേസമയം ഇ.ഡി.സി എന്ന് മാര്‍ക്ക് ചെയ്തതിനാല്‍ മാതൃ ബൂത്തില്‍ പോയി വോട്ട് ചെയ്യാനും ആകില്ല. മാര്‍ക്ക് ചെയ്ത് നല്‍കിയ വോട്ടര്‍ പട്ടികകളില്‍ ഇനി മാറ്റം വരുത്താനും കഴിയില്ല. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇ.ഡി.സി ലഭിക്കാത്തവരെ മാറ്റി റിസര്‍വില്‍ നിന്നും പകരക്കാരെ നിയമിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് പ്രായോഗികമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബൂത്തില്‍ എത്തിയതിനുശേഷം തിരിച്ചു പോകാന്‍ പറഞ്ഞത് ജീവനക്കാരില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വ്യാപകമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട സംഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് പോളിങ് അവസാനിക്കുന്നതിന് മുന്‍പ് ഇഡി.സി ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."