43 ബൂത്തുകളിലെ വോട്ടെടുപ്പ് കലക്ടര്‍ തത്സമയം നിരീക്ഷിക്കും
കാസര്‍കോട്: തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയിലെ 43 പ്രശ്നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ കലക്ടര്‍ ഡോ. ഡി സജിത് ബാബു നേരിട്ട് നിരീക്ഷിക്കും. ഇതിനായി കലക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക കണ്ട്രോള് റൂം സജ്ജീകരിച്ചു.
ഒരു കംപ്യൂട്ടറില്‍ ആറ് പോളിങ് ബൂത്തിലെ വോട്ടെടുപ്പാണ് തത്സമയമായി കാണാനാവുക. പ്രശ്നബാധിത ബൂത്തുകളോരോന്നിലും ഘടിപ്പിച്ചു വച്ചിട്ടുള്ള വെബ്കാമറയില് നിന്നുള്ള തത്സമയ ദൃശ്യങ്ങളാണ് കണ്ട്രോള് റൂമില്‍ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം വീക്ഷിക്കുക. ബൂത്തുകളില്‍ പ്രിസൈഡിങ് ഓഫിസര്‍ക്ക് സമീപത്തായി സ്ഥാപിക്കുന്ന വെബ്കാമറ, വോട്ടര്‍ പോളിങ് ബൂത്തിനകത്ത് പ്രവേശിക്കുന്നതു മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഒപ്പിയെടുക്കും. ഏതെങ്കിലും ബൂത്തുകളിലെ ദൃശ്യങ്ങള്‍ വലുതായി കാണണമെങ്കില്‍ അതിനായി രണ്ടു പ്രൊജക്ടറുകളും വലിയ സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്. ഒരേസമയം 12 ബൂത്തുകള്‍ ഇങ്ങനെ വലുതായി കാണാനാകും.
ഈ ബൂത്തുകളില്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ കലക്ടര്‍ക്ക് പ്രിസൈഡിങ് ഓഫിസറുമായി നേരിട്ട് ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളും കണ്ട്രോള് റൂമില്‍ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജീവനക്കാര്‍, എന്‍.ഐ.സി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 20ലധികം ജീവനക്കാരാണ് ബൂത്തുകളുടെ നിരീക്ഷണത്തിനുണ്ടാവുക. അക്ഷയ സെന്ററിനാണ് വെബ്കാസ്റ്റിങിന്റെ ചുമതല. ബി.എസ്.എന്‍.എല്‍ ആണ് വെബ്കാസ്റ്റിങിന് ആവശ്യമായ നെറ്റ്വര്‍ക്ക് നല്‍കുന്നത്. കാസര്‍കോട് നിയോജകമണ്ഡലത്തില്‍ നാലും ഉദുമയില്‍ മൂന്നും കാഞ്ഞങ്ങാട് 13ഉം തൃക്കരിപ്പൂര്‍ 23ഉം പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."