സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ലീഗില്‍ ചേര്‍ന്നത് ചര്‍ച്ചാ വിഷയമായി
ബദിയഡുക്ക: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനം സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ബി.എസ് ഇബ്രാഹിം മുസ്‌ലിം ലീഗില്‍ ചേര്‍ന്നത് ബദിയഡുക്കയില്‍ ചര്‍ച്ചാ വിഷയമാവുന്നു. ഒരു വര്‍ഷം മുന്‍പ് ബദിയടുക്ക ബി.ആര്‍.സിയില്‍ ഒഴിവു വന്ന തസ്തികയിലേക്ക് തന്റെ മകനെ പരിഗണിച്ചില്ലെന്നതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന.
ബദിയഡുക്ക ബി.ആര്‍.സിയില്‍ ഒരു താത്കാലിക അറ്റന്റര്‍ തസ്തികയിലെ നിയമനം സംബന്ധിച്ച് പാര്‍ട്ടി ഓഫിസില്‍ ചര്‍ച്ച നടന്നിരുന്നു. തന്റെ മകന് പ്രസ്തുത തസ്തിക നല്‍കണമെന്ന് ഇബ്രാഹിം ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗത്തിനാണ് ജോലി നല്‍കിയത്. അതിന് ശേഷം ഇബ്രാഹിം പാര്‍ട്ടി പരിപാടികളില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. മുസ്‌ലിം ശക്തി കേന്ദ്രമായ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ 100ല്‍ താഴെ മാത്രം ഇടത് വോട്ടുകളുള്ള വാര്‍ഡില്‍ എല്‍.ഡി.എഫ് 271 വോട്ട് നേടിയിരുന്നു. ഇതിനു പുറമെ 600വോട്ടുകള്‍ ലഭിച്ചിരുന്ന ലീഗ് സ്ഥാനാര്‍ഥിക്ക് 321 വോട്ടാണ് ലഭിച്ചത്. ഇത്രയും ജന പിന്തുണയുള്ള ബി.എസിന്റെ കൂടെ പാര്‍ട്ടി വിട്ടു പലരും മറ്റു പാര്‍ട്ടികളിലേക്ക് പോകുമെന്നും ബദിയഡുക്ക സി.പി.എമ്മില്‍ ഇത് പൊട്ടിത്തെറിക്ക് വഴി വെക്കുമെന്നാണ് സൂചന.
സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജഗന്നാഥ ഷെട്ടിയെ തല്‍സ്ഥാനത്തു നിന്നു മാറ്റിയത് ഈയിടെയായിരുന്നു. ഇതിനു പിന്നാലെയാണ് ലോക്കല്‍ കമ്മിറ്റി അംഗം പാര്‍ട്ടി വിട്ടത് വിവാദത്തിന് വഴി വെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളില്‍ ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറുകയും ചെയ്തു.
രണ്ടു മാസം മുന്‍പാണ് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ജഗന്നാഥ ഷെട്ടിയെ മാറ്റിയത്. ആറു മാസം അവധിയെടുത്തുവെന്നാണ് നേതാക്കള്‍ അണികളോട് ഇതിനു കാരണമായി പറഞ്ഞിരുന്നത്. പകരം കൃഷ്ണ നായക് പെരഡാലയെ സെക്രട്ടറി ആയി നിയമിക്കുകയും ചെയ്തു. എന്നാല്‍ ജഗന്നാഥ ഷെട്ടി അവധിയില്‍ പോയതല്ലെന്നും സെക്രട്ടറിയെപോലെ തന്നെ പൊതുവേദികളിലും പൊലിസ് സ്റ്റേഷനിലും ഇടപ്പെടുന്നത് കണ്ട അണികള്‍ നേതാക്കളോട് കാര്യം തിരക്കിയപ്പോള്‍ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണുണ്ടായത്. അതിനിടെയാണ് ബി.എസ്. ഇബ്രാഹിം പാര്‍ട്ടി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."