'വിധിന്യായങ്ങളും ജഡ്ജുമാരുടെ പെരുമാറ്റവുമാണ് കോടതിയുടെ വില നിര്‍ണയിക്കുന്നത്, അല്ലാതെ ട്വീറ്റുകളല്ല'-ഭൂഷണെതിരായ സുപ്രിം കോടതി നടപടിക്കെതിരെ ആഞ്ഞടിച്ച് അരുണ്‍ ഷൂരി
ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണെതിരായ കോടതി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ ഷൂരി. ജനാധിപത്യത്തിന്റെ പ്രധാന തൂണായ നീതിന്യായക്കോടതിയെക്കുറിച്ചുള്ള പ്രശാന്ത് ഭൂഷന്റെ വീക്ഷണമല്ല, മറിച്ച് ന്യായാധിപന്മാരുടെ വീക്ഷണമാണ് ഈ വിധിയിലൂടെ പ്രകടമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സത്യം ഒരു പ്രതിരോധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സത്യമേവ ജയതേ ആപ്തവാക്യമായ, സത്യം ദൈവമാണെന്ന് വിശ്വസിക്കുന്ന രാഷ്ട്രപിതാവുള്ള ഒരു രാജ്യത്ത് സത്യത്തെ പ്രതിരോധമായി അംഗീകരിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
എല്ലാത്തിനും ഉപരിയായി സത്യം ഒരു പ്രതിരോധമാണെന്നും അതുകൊണ്ട് തന്നെ കുറ്റാരോപണവിധേയനായ ആള്‍ക്ക് താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ അവസരം നല്‍കേണ്ടത് നിയമമാണ്. ആ നിയമം തന്റെ സ്വന്തം കേസില്‍ സുപ്രിം കോടതിയിലെ 5 അംഗ ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് ശരിവച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമം അങ്ങനെയായിരിക്കണമെന്നും അല്ലാതെ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാനുള്ള അവസരം നല്‍കാതെ ശിക്ഷിക്കുകയാണോ വേണ്ടതെന്നും അദ്ദേഹം അഭിമുഖത്തില്‍ ചോദിക്കുന്നു.
പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ ജനാധിപത്യത്തിന്റെ പ്രധാന തൂണായ സുപ്രീംകോടതിയെ ദുര്‍ബലപ്പെടുത്തുന്നു എന്ന കോടതിയുടെ നിരീക്ഷണത്തേയും ഷൂരി വിമര്‍ശിച്ചു. ട്വിറ്ററിന് വേണ്ടി ഒരു പരസ്യ എക്‌സിക്യൂട്ടീവിന് ഇതിലും മികച്ച പരസ്യം ആവിഷ്‌കരിക്കാനാവില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
'വരൂ, ട്വിറ്ററില്‍ ചേരൂ, നോക്കൂ, ഞങ്ങളുടെ പ്ലാറ്റ്‌ഫോം എത്ര ശക്തമാണ്, രണ്ട് ട്വീറ്റുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ കേന്ദ്ര സ്തംഭത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയും'. കോടതിയുടെ നിരീക്ഷണത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു. ഷൂരി രണ്ട് ട്വീറ്റുകള്‍കൊണ്ട് അപകടത്തിലാക്കാന്‍ കഴിയുന്ന തരത്തില്‍ പൊള്ളയും ദുര്‍ബലവുമായിരിക്കുകയാണ് ഇപ്പോള്‍ ജനാധിപത്യത്തിന്റെ പ്രധാന തൂണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദ്യം സ്വന്തത്തെ കുറിച്ചും സ്ഥാപനത്തെ കുറിച്ചും കുറച്ചു കൂടി ആത്മവിശ്വാസം പുലര്‍ത്തണം- ജഡ്ജുമാരോട് അദ്ദേഹം പറഞ്ഞു. നിങ്ങളുടേയും നിങ്ങളുടെ സ്ഥാപനത്തിന്റേയും ബഹുമാനം നിര്‍ണ്ണയിക്കുന്നത് നിങ്ങളുടെ വിധിന്യായങ്ങളും പെരുമാറ്റവുമാണ്, അല്ലാതെ ട്വീറ്റുകളല്ല. വിമര്‍ശനങ്ങളെ ജാഗ്രതയായി കാണുക. വിമര്‍ശകരെ സുഹൃത്തുക്കളായും. അവര്‍ ശരിയാണെങ്കില്‍ നിങ്ങളില്‍ മാറ്റം വരുത്താന്‍ അവര്‍ പറയും. അവര്‍ തെറ്റാണെങ്കില്‍, നിങ്ങളുടെ വിധി ന്യായങ്ങള്‍ സത്യസന്ധവും നീതി പൂര്‍വ്വവുമാണെങ്കില്‍ നിങ്ങള്‍ ഈ സ്ഥാനത്തിന് അര്‍ഹരല്ലെന്ന് അവര്‍ പറഞ്ഞു കൊണ്ടിരുന്നാലും ജനങ്ങള്‍ അവരെ വിശ്വസിക്കില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിമര്‍ശനമുന്നയിക്കുന്നവര്‍ക്കെതിരെ വാളോങ്ങും മുമ്പ് ഒന്നു കണ്ണാടിയില്‍ നോക്കുന്നത് നല്ലതാണ്- അദ്ദേഹം പറഞ്ഞു.
റാഫേലിനെതിരെ ഞങ്ങള്‍ നിവേദനം നല്‍കിയ സമയത്ത് ഞാന്‍ പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ വിചാരണയിലല്ല, എന്നാല്‍ കോടതി വിചാരണയിലാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."