വിദ്വേഷപ്രസംഗങ്ങളെയും വ്യക്തികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കും: ആരോപണങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി ഫെയ്‌സ്ബുക്ക്
മുംബൈ: ഫേസ്ബുക്കിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി ഫെയ്‌സ്ബുക്ക് രംഗത്ത്. കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കും അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്നായിരുന്നു ആരോപണം. ഇതിനോടാണ് ഫെയ്‌സ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടറായ അജിത്ത് മോഹന്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിഷ്പക്ഷവുമാണ്. എല്ലാത്തരത്തിലുമുള്ള വിദ്വേഷപ്രചരണങ്ങളേയും ഞങ്ങള്‍ അപലപിക്കുന്നു. ഫെയ്‌സ്ബുക്കില്‍ എന്ത് അനുവദിക്കുമെന്നും എന്ത് അനുവദിക്കില്ലെന്നും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡില്‍ ഞങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. മതത്തിന്റേയും വംശത്തിന്റേയും ദേശീയതയുടേയും പേരില്‍ വ്യക്തികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ഞങ്ങള്‍ പ്രതിരോധിക്കും. അദ്ദേഹം വിശദീകരിക്കുന്നു.
വ്യക്തികള്‍ക്ക് സ്വയം അവതരിപ്പിക്കാനുള്ള തുറന്നതും സുത്യാര്യവും നിഷ്പക്ഷവുമായ വേദിയാണ് ഫെയ്‌സ്ബുക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫെയ്‌സ്ബുക്ക് സ്വന്തം നിലപാടുകളില്‍ മായം ചേര്‍ക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ ആരോപണങ്ങളെ ഞങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നു. ഞങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ഈ അവസരത്തെ വിനിയോഗിക്കുന്നു.
ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. അത് ഞങ്ങളുടെ സ്ഥാപനത്തിന്റെ ഘടനയെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. ഞങ്ങളുടെ ജീവനക്കാരില്‍ പലരും രാഷ്ട്രീയപരമായും സാംസ്‌കാരികപരമായും സമൂഹത്തിന്റെ പല വിഭാഗങ്ങളില്‍ നിന്നും വരുന്നവരാണ്. എന്നാല്‍ എല്ലാ ഭിന്നതകളും മറന്ന് അവര്‍ സ്വന്തം കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നു. സമാനമായി ഫെയ്‌സ്ബുക്കിന്റെ നിലപാടുകളും ഏകപക്ഷീയമല്ല. എല്ലാ വിഭാഗങ്ങളെക്കൂടി പരിഗണിച്ച് അഭിപ്രായങ്ങള്‍ കേട്ടതിനുശേഷമാണ് നയങ്ങള്‍ രൂപീകരിക്കുന്നതെന്നും വിശദീകരിക്കുന്നുണ്ട്.
വിദ്വേഷപ്രസംഗങ്ങള്‍ക്ക് ഫെയ്‌സ്ബുക്കില്‍ സ്ഥാനമില്ല. ഇത്തരം ഉള്ളടക്കങ്ങളെ ഞങ്ങള്‍ നിഷ്പക്ഷമായി തടയും. ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും നേതാവിനേയും വിശ്വാസങ്ങളേയും പരിഗണിക്കാതെ ലോകത്താകമാനം ഞങ്ങള്‍ ഈ നയം നടപ്പിലാക്കും. വിദ്വേഷപ്രസംഗങ്ങള്‍ ഞങ്ങള്‍ തടഞ്ഞിട്ടുണ്ട്. ഇനിയും അത് തുടരും. ഇത്തരം ഉള്ളടക്കങ്ങള്‍ കണ്ടുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ വ്യാപതരാണെന്നും ഇനിയും മുന്നേറാനുണ്ടെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."