പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി: ഫണ്ട് മുഴുവനായി കേരളത്തിന് ലഭിക്കില്ല
തിരുവനന്തപുരം: ദുരിതബാധിതരെ സഹായിക്കാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കു ലഭിക്കുന്ന ഫണ്ട് പൂര്‍ണമായും കേരളത്തിനു ലഭിക്കില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിക്കുന്ന മുഴുവന്‍ പണവും കേരളത്തിനു മാത്രം നല്‍കാന്‍ വ്യവസ്ഥയില്ലാത്തതാണ് കാരണം. റെയില്‍വേയുടെ 13 ലക്ഷം ജീവനക്കാര്‍ കേരളത്തിനായി സ്വരൂപിച്ചു പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കു നിക്ഷേപിക്കുന്നത് 200 കോടിയോളം രൂപയാണ്. ഇത്തരത്തില്‍ റെയില്‍വേ, വിദേശത്തും ഇന്ത്യയിലുമുള്ള കമ്പനികള്‍ എന്നിവയുടെ സഹായത്തിന്റെ ഒരു വിഹിതം മാത്രമാണ് കേരളത്തിനു ലഭിക്കുക. നിലവിലെ ചട്ടമനുസരിച്ച് ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായുള്ള പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സ്വീകരിക്കാനാകില്ല.
പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ ഇക്കാര്യം പറയുന്നുണ്ട്. പൊതു ആവശ്യത്തിനെന്ന പേരിലേ തുക നല്‍കാനാകൂ. ലഭിക്കുന്ന തുക എങ്ങനെ വിനിയോഗിക്കണമെന്നു തീരുമാനിക്കാന്‍ പ്രത്യേക സമിതിയുണ്ട്. കേരളത്തെ സഹായിക്കാന്‍ ഒരു ദിവസത്തെ ശമ്പളം ജീവനക്കാര്‍ പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്കു നല്‍കണമെന്നാണ് റെയില്‍വേ ബോര്‍ഡ് അധ്യക്ഷന്‍ അശ്വനി ലൊഹാനി കഴിഞ്ഞ ദിവസം കത്തിലൂടെ ആവശ്യപ്പെട്ടത്. ഇതനുസരിച്ചു റെയില്‍വേയിലെ 13 ലക്ഷം ജീവനക്കാരില്‍നിന്നായി ഏകദേശം 200 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തുക. റെയില്‍വേയെക്കൂടാതെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും സമാന രീതിയില്‍ കേരളത്തിനായി പണം സ്വരൂപിച്ചു പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിക്ഷേപിക്കുന്നുണ്ട്. ദുരിതാശ്വസത്തിനു പുറമേ വര്‍ഗീയ ലഹളകള്‍ക്കും വംശീയ കലാപങ്ങള്‍ക്കും ഇരയാകുന്നവര്‍ക്കു നഷ്ടപരിഹാരം, നിര്‍ധനര്‍ക്കുള്ള ചികിത്സാ ചെലവ് തുടങ്ങിയവയ്ക്കും ഈ നിധിയില്‍നിന്നു സഹായം ലഭിക്കും.
അതേസമയം, കേരളത്തിനു വേണ്ടി പിരിച്ചുനല്‍കുന്ന മുഴുവന്‍ തുകയും സംസ്ഥാനത്തിനുതന്നെ നല്‍കണമെന്നാവശ്യപ്പെട്ടു കെ.സി വേണുഗോപാല്‍ എം.പി പ്രധാനമന്ത്രിക്കു കത്തു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."