മന്ത്രി കെ. രാജുവിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരേ നടപടിയുണ്ടായേക്കും
തിരുവനന്തപുരം: വിവാദമായ വിദേശയാത്രയില്‍ മന്ത്രി കെ. രാജുവിനൊപ്പമുണ്ടായിരുന്ന പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനെതിരേ നടപടിയുണ്ടായേക്കും. അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി. ശ്രീകുമാറാണ് മന്ത്രിക്കൊപ്പം ജര്‍മനിയില്‍ പോയത്.
സെക്രട്ടറിയേറ്റ് ജീവനക്കാരനായ ശ്രീകുമാറിനെ സ്റ്റാഫില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന് മുന്‍ പ്രസിഡന്റാണ് ശ്രീകുമാര്‍. മന്ത്രിയുടെ വിദേശയാത്രയുടെ ആസൂത്രകനും ശ്രീകുമാര്‍ ആണെന്നാണ് വിലയിരുത്തല്‍.
ഇദ്ദേഹത്തിനെതിരേ കര്‍ശന നടപടി വേണമെന്ന ആവശ്യം സി.പി.ഐയില്‍ ഉയര്‍ന്നിട്ടുണ്ട്. 28ന് ചേരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യവും പരിഗണിക്കും.
അതേസമയം മന്ത്രി രാജുവിനെതിരേയുള്ള നടപടി രാജിയിലേക്കെത്തില്ല. മന്ത്രി വിദേശയാത്ര അവസാനിപ്പിച്ച് തിരിച്ചുവന്നതോടെ അക്കാര്യം അവസാനിച്ചെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന നല്കുന്ന സൂചന അതാണ്. പാര്‍ട്ടി സെക്രട്ടറിയേറ്റിലും സംസ്ഥാന കൗണ്‍സിലിലും ശക്തമായ വിമര്‍ശനം ഉയര്‍ന്നാലും രാജുവിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തില്ല. ഈ ഘട്ടത്തിലാണ് മന്ത്രിയെ വിവാദത്തിലേക്കെത്തിച്ചതിന് ശ്രീകുമാറിനെതിരേ നടപടിയും സ്റ്റാഫില്‍നിന്നു ഒഴിവാക്കുന്നതിലേക്കും എത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."