ഗുണനിലവാരം നിര്‍ബന്ധം; ഉന്നത സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ 'നാക് ' മാതൃകയില്‍ ഏജന്‍സികള്‍
മലപ്പുറം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര പരിശോധന നിര്‍ബന്ധമാക്കുന്നു. സര്‍വകലാശാലകള്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) മാതൃകയില്‍ കൂടുതല്‍ ഏജന്‍സികള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിന്റെ വിശദവിവരങ്ങളടങ്ങിയ ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ ദിവസം യു.ജി.സി പ്രസിദ്ധീകരിച്ചു. യു.ജി.സി റെക്കഗനൈസേഷന്‍ ആന്‍ഡ് മോണിറ്ററിങ് ഓഫ് അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ ഏജന്‍സീസ് എന്ന പേരില്‍ പുതിയ വ്യവസ്ഥ നിലവില്‍വന്നതോടെ പരിശോധന നിര്‍ബന്ധമാകുന്നതോടൊപ്പം ഗുണനിലവാര പരിശോധനയ്ക്കു കൂടുതല്‍ ഏജന്‍സികളും നിലവില്‍ വരും.
ഇന്ത്യയിലെ സര്‍വകലാശാലകളുടെയും കോളജുകളുടെയും നിലവാരം ഉയര്‍ന്നനിലയിലേക്കു കടന്നുവരുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് യു.ജി.സിയുടെ നേതൃത്വത്തില്‍ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കുമായി നേരത്തെ 'നാക് ' എന്ന പേരില്‍ ഏജന്‍സി രൂപീകരിച്ചിരുന്നത്. വിവിധ ഗ്രേഡുകളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ തരംതിരിക്കുകയാണ് 'നാക് ' ചെയ്യുന്നത്.
നിലവിലെ വ്യവസ്ഥ പ്രകാരം 'നാക് 'പരിശോധന നിര്‍ബന്ധമല്ല. സ്വകാര്യ മേഖലയിലേതുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പരിശോധന നടത്താതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിക്കാറില്ല.
ഇതു പരിഹരിക്കാനായാണ് പുതിയ നിയമം. ഇതോടെ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സംസ്ഥാനതല അംഗീകാരത്തിനു പുറമേ യു.ജി.സി അംഗീകരിക്കുന്ന ഏജന്‍സിയുടെ അംഗീകാരംകൂടി വേണ്ടിവരും.
അധ്യാപനം, പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, ഗവേഷണം, പരിശീലനം, പ്ലേസ്‌മെന്റ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗുണനിലവാര പരിശോധന അംഗീകൃത ഏജന്‍സിവഴി തുടര്‍ച്ചയായി സംഘടിപ്പിക്കണം. ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ക്കു ലഭിക്കുന്ന ഗ്രേഡ് ജനങ്ങള്‍ കാണുന്ന രീതിയില്‍ പ്രസിദ്ധീകരിക്കണം. പുതിയ വിജ്ഞാപന പ്രകാരം 'നാക് ', നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (എന്‍.ബി.എ) എന്നിവയുടെ മാതൃകയില്‍ പരിശോധനയ്ക്കു സര്‍ക്കാര്‍ ഏജന്‍സികളോ അര്‍ധസര്‍ക്കാര്‍ ഏജന്‍സികളോ രൂപീകരിക്കാം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പത്തംഗ അക്രഡിറ്റേഷന്‍ അഡൈ്വസറി കൗണ്‍സില്‍ (ആക്) രൂപീകരിക്കും. ഇതിനു കീഴിലാണ് ഗുണനിലവാര പരിശോധനയ്ക്കും അംഗീകാരത്തിനുമുള്ള അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ ഏജന്‍സീസ് (എ.എ.എ) പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."