പ്രളയത്തില്‍ നഷ്ടമായ റേഷന്‍ കാര്‍ഡിന് മുദ്രപത്രത്തില്‍ അപേക്ഷിക്കേണ്ട
ആലപ്പുഴ: പ്രളയക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കു പ്രത്യേക അദാലത്ത് നടത്തി എത്രയും വേഗം ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനു നടപടി സ്വീകരിക്കാന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കു സി-ഡിറ്റ്, എന്‍.ഐ.സി എന്നിവയുടെ സഹായത്തോടെ ഒന്നോ രണ്ടോ ദിവസത്തിനകം പുതിയവ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം.
പ്രളയക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവരെ ഒരു കാരണവശാലും കൂടുതല്‍ ബുദ്ധിമുട്ടിക്കരുതെന്ന പ്രത്യേക നിര്‍ദേശവും അദ്ദേഹം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന ഭക്ഷ്യവകുപ്പ്, സപ്ലൈകോ ജീവനക്കാരുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ പകരം കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കിയാല്‍ മതി. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷയോടൊപ്പം 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ പ്രളയബാധിതതര്‍ക്ക് ഒഴിവാക്കും.
കേടുപാടുകളുള്ള റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ അതു തിരികെ ഏല്‍പ്പിക്കണം. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന പുതിയ കാര്‍ഡുകള്‍ സാധാരണ കാര്‍ഡുകള്‍പോലെ ആധികാരിക രേഖയായും മറ്റ് ആവശ്യങ്ങള്‍ക്കുള്ള റഫറല്‍ രേഖയായും ഉപയോഗിക്കാം. പ്രളയക്കെടുതിയില്‍ താറുമാറാകുകയും നശിക്കുകയും ചെയ്ത റേഷന്‍ കടകളുടെ വിവരശേഖരണം നടത്തണം.
നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് കലക്ടര്‍ക്കു കൈമാറണം. റേഷന്‍ കടകളില്‍ വെള്ളം കയറിയ കുട്ടനാട്ടിലും ചെങ്ങന്നൂരിലും പുതിയ സ്ഥലം കണ്ടെത്തി റേഷന്‍ വിതരണം നടത്താന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി.
വൈദ്യുതിയും ഇന്റര്‍നെറ്റുമില്ലെന്ന കാരണത്താല്‍ റേഷന്‍ നല്‍കാതിരിക്കരുതെന്നും അത്തരം സ്ഥലങ്ങളില്‍ പഴയ രീതിയില്‍ രജിസ്റ്റര്‍ സൂക്ഷിച്ച് റേഷന്‍ വിതരണം നടത്തണമെന്നും വില വര്‍ധിപ്പിച്ചാല്‍ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."