സി.ഡി.ആര് ശേഖരണം വ്യക്തികളുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി
കൊച്ചി: കൊവിഡ് രോഗികളുടെ സമ്പര്‍ക്ക വിവരങ്ങള്‍ക്കായി ടവര്‍ ലൊക്കേഷന്‍ എടുക്കുന്നതിന് ഫോണ്‍ വിളി വിശദാംശങ്ങള്‍(സി.ഡി.ആര്) ശേഖരിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യത ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. കൊവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങളുടെ പൂര്‍ണമായ സ്വകാര്യത ഉറപ്പു വരുത്തണമെന്ന് ചീഫ് ജസ്റ്റിസ് മണിക് കുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്കി. രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത പാലിക്കുമെന്ന സര്‍ക്കാര്‍ നല്കിയ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. ഫോണ്‍ വിശദാംശങ്ങള്‍ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നു കോടതിയുടെ കര്‍ശന നിര്‍ദേശവും ഉത്തരവില്‍ വ്യക്തമാക്കി. ടവര്‍ ലൊക്കേഷന്‍ മാത്രമേ ആവശ്യമുള്ളൂവെന്നും കോള്‍ വിശദാംശങ്ങളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും കോടതിയില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് കേസ് തീര്‍പ്പാക്കി.
കൊവിഡ് രോഗികളുടെ ഫോണ്‍വിളികളുടെ വിശദാംശം ശേഖരിക്കുന്നില്ലെന്നും മറിച്ച് ടവര്‍ ലോക്കേഷന്‍ മാത്രമാണ് ആവശ്യമുള്ളതെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍ വിളിയുടെ വിവരം കിട്ടിയാല്‍ മാത്രമെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ വാദം അംഗീകരിച്ച കോടതി കോള്‍ വിശദാംശങ്ങള്‍ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നു വ്യക്തമാക്കി. രോഗികളുടെ വിവരങ്ങളറിയുന്നതിനു കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കണമെന്നു ചൂണ്ടിക്കാട്ടി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ മാറ്റം വരുത്തി ടവര്‍ ലൊക്കേഷന്‍ ശേഖരിക്കണമെന്ന രീതിയില്‍ പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി. ഫോണ്‍വിളി ശേഖരണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയാണ് കോടതി തീര്‍പ്പാക്കിയത്. നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."