പാര്‍ട്ടിക്കുവേണ്ടി സ്ഥാനമാനങ്ങള്‍ ത്യജിക്കാന്‍ തയാറെന്ന് പനീര്‍ശെല്‍വം
ചെന്നൈ: പാര്‍ട്ടിയുടെ ക്ഷേമത്തിനായി സ്ഥാനമാനങ്ങള്‍ ത്യജിക്കാന്‍ തയാറാണെന്ന് അണ്ണാ ഡി.എം.കെ കോ-ഓര്‍ഡിനേറ്ററും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വം.
ഇന്നലെ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടിവ് യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയാറാണ്. പുതുച്ചേരി സംസ്ഥാന തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
മോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എം.പിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
ബി.ജെ.പിയില്‍ നിന്ന് മുഖ്യമന്ത്രി പളനിസ്വാമിക്കും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനും കടുത്ത സമ്മര്‍ദമുണ്ടായിരുന്നു.
പ്രതിപക്ഷത്തിന്റെ നീക്കത്തിനെതിരായി നിലപാട് സ്വീകരിക്കണമെന്നായിരുന്നു ബി.ജെ.പി ഇരുവരോടും ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ എം.പിമാര്‍ നിഷ്പക്ഷത പാലിക്കുകയോ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്തിരുന്നു.
ജയലളിതയുടെ കാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വിജയം ആവര്‍ത്തിക്കണമെന്ന് അദ്ദേഹം എക്‌സിക്യൂട്ടിവ് യോഗത്തില്‍ ആവശ്യപ്പെട്ടു.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവരടക്കമുള്ളവരെയാണ് നേരിടുന്നത്.
ഈ സാഹചര്യത്തില്‍ ആരെല്ലാമായി ബന്ധം സ്ഥാപിക്കണമെന്നത് അധികം താമസിയാതെ തീരുമാനിക്കുമെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. യോഗശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."