കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നുവെന്നു ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2011ല്‍ സംസ്ഥാനത്ത് 4,18,770 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2012ല്‍ 5,11,278ഉം 2013ല്‍ 5,83,182ഉം 2014ല്‍ 6,10,365ഉം 2015ല്‍ 6,53,976ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കൂടുതലും സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷം, വ്യക്തികള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍, ഭര്‍തൃ പീഡനം, വഞ്ചനാക്കുറ്റം, പീഡനം എന്നിവയുമായി ബന്ധപ്പെട്ടതാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വന്‍തോതില്‍ വര്‍ധിക്കുന്നുവെന്നാണ് കണക്ക്. ബലാത്സംഗ കേസുകളില്‍ 1132, 1019, 1221, 1347, 1237 എന്നിങ്ങനെ 2011 മുതല്‍ 2015 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സെക്ഷ്വല്‍ ഹരാസ്‌മെന്റുമായി ബന്ധപ്പെട്ട് 573,498,404,257, 265 വീതം കേസുകളും ഭര്‍തൃ പീഡനവുമായി ബന്ധപ്പെട്ട് 5377, 5216, 4820, 4919, 3664 വീതം കേസുകളും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 6835കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കാലയളവില്‍ ശൈശവ വിവാഹം നടന്നതുമായി ബന്ധപ്പെട്ടു അമ്പതുകേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തു നിന്നു 6755 കുട്ടികളെ കാണാതായപ്പോള്‍ അതില്‍ 6568പേരെ കണ്ടെത്താന്‍ കഴിഞ്ഞു. അതേസമയം ഇതേകാലയളവില്‍ സംസ്ഥാനത്ത് 253 കുട്ടികളാണ് കൊല ചെയ്യപ്പെട്ടത്.
കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് കൊല്ലം റൂറലിലും പാലക്കാടുമായി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഓരോ പെണ്‍കുട്ടികള്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ പാലക്കാട് ജില്ലയില്‍ മറ്റൊരു പെണ്‍കുട്ടി ബലാത്സംഗത്തിനിരയായും കൊലചെയ്യപ്പെട്ടു. ഇക്കാലയളവില്‍ സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ സമുദായത്തില്‍പ്പെട്ട 451പെണ്‍കുട്ടികളാണ് ബലാത്സംഗത്തിനിരയായത്. ഇതുമായി ബന്ധപ്പെട്ട് 455കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. പട്ടികജാതി പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊല്ലം റൂറലിലാണ് (48കേസുകള്‍).
കൊല്ലം സിറ്റി (32), തൃശൂര്‍ റൂറല്‍(29), തിരുവനന്തപുരം സിറ്റി (28), തിരുവനന്തപുരം റൂറല്‍ (26), പത്തനംതിട്ട (23), വയനാട് (16) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ കണക്ക്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായതുമായി ബന്ധപ്പെട്ട് വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് -43കേസുകള്‍. ഇടുക്കിയില്‍ പന്ത്രണ്ടും കാസര്‍കോട് പതിനൊന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായിട്ടുള്ളത് -86പേര്‍. കൊല്ലം റൂറലില്‍ 58പേരും തൃശൂര്‍ റൂറലില്‍ 57പേരും തിരുവനന്തപുരം റൂറലില്‍ 49പേരും പത്തനംതിട്ടയില്‍ 46പേരും ഇടുക്കിയില്‍ 39പേരും അറസ്റ്റിലായിട്ടുണ്ട്.
ഈ കേസുകളുമായി ബന്ധപ്പെട്ട് 595പേരെ അറസ്റ്റ് ചെയ്തപ്പോള്‍ 32കേസുകളില്‍ മാത്രമാണ് വിചാരണപൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചിട്ടുള്ളത്. ഇതില്‍ 73കേസുകള്‍ ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത 46 കേസുകളും കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത 23 കേസുകളുമാണ് തെളിയാത്തതില്‍ മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."