ഐ.ആര്.സി.ടി.സി അഴിമതി കേസ്: ലാലുവിനും കുടുംബത്തിനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകന് തേജ്വസി യാദവ് അടക്കം 13പേരെ പ്രതികളാക്കി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ലാലു റെയില്‍വേ മന്ത്രിയായിരിക്കേ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ലാലുവിനും കുടുംബത്തിനുമെതിരേ കേസെടുത്തത്. ലാലുവിനും കുടുംബത്തിനും പുറമെ ആര്.ജെ.ഡിയിലെ ചില നേതാക്കള്‍, മുന്‍ കേന്ദ്രമന്ത്രി പ്രേംചന്ദ് ഗുപ്ത, അദ്ദേഹത്തിന്റെ ഭാര്യ സരള ഗുപ്ത, ലാറാ പ്രോജക്ട് എന്നിവര്‍ക്കെതിരേയാണ് അനധികൃത പണമിടപാട് നിയമപ്രകാരം കേസെടുത്തത്.
റെയില്‍വേ മന്ത്രിയായിരുന്ന ലാലുവും ഐ.ആര്.സി.ടി.സി ഉദ്യോഗസ്ഥരും ചേര്‍ന്ന് അവരുടെ പദവി ദുരുപയോഗം ചെയ്ത് റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള പുരി, റാഞ്ചി എന്നീ രണ്ട് ഹോട്ടലുകള്‍ അനധികൃതമായി സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയെന്നാണ് കേസ്.
റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമി ലാലുവിന്റെ കുടുംബ സുഹൃത്തായ പി.സി ഗുപ്തയുടെയും ലാലുവിന്റെയും സംരംഭമായ ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനിക്ക് നല്കിയതും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കണ്ടെത്തിയിരുന്നു. പൊതുവിപണയിലെ വിലയേക്കാള്‍ കുറഞ്ഞ തുക വാടകക്കാണ് ഈ ഭൂമി കൈമാറിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് ഈ ഭൂമി ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനി ലാലുവിന്റെ ഭാര്യക്കും മക്കള്‍ക്കും പതിച്ചു നല്കി. കുറഞ്ഞ വില ഈടാക്കിയായിരുന്നു ഭൂമി കൈമാറിയത്.
കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ഏപ്രില്‍ 16ന് ലാലുവിനും സംഘത്തിനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."