രാജസ്ഥാന്‍ ബി.ജെ.പിക്കുള്ളില്‍ 'അവിശ്വാസം'
ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് ഭരണം മറിച്ചിടാനും സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസില്‍നിന്ന് അടര്‍ത്താനുമുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ രാജസ്ഥാനിലെ ബി.ജെ.പിയില്‍ കലഹം. ഈ മാസം 14ന് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പ് സമയത്ത് സഭയില്‍ ഹാജരില്ലാതിരുന്ന നാലു പാര്‍ട്ടി എം.എല്‍.എമാരോട് ബി.ജെ.പി വിശദീകരണം തേടി. ഇതിനു പിന്നാലെ എം.എല്‍.എമാര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയേയും പ്രതിപക്ഷ നേതാവ് ഗുലാംചന്ദ് കതാരിയയേയും കാണുകയും ചെയ്തു.
ഗോപീചന്ദ് മീണ, കൈലാഷ് ചന്ദ്ര മീണ, ഹരേന്ദ്ര നിനാമ, ഗൗതം ലാല്‍ എന്നിവരാണ് വിശ്വാസ വോട്ടെടുപ്പ് സമയത്ത് സഭയിലില്ലാതിരുന്നത്. സര്‍ക്കാര്‍ വിശ്വാസം തേടണമെന്ന ആവശ്യത്തില്‍നിന്നു ബി.ജെ.പി പിന്‍മാറിയിരുന്നെങ്കിലും വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റും സംഘവും തിരിച്ചെത്തിയതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തുകയായിരുന്നു. ശബ്ദവോട്ടോടെ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍, സഭയിലെത്തണമെന്നു കോണ്‍ഗ്രസും ബി.ജെ.പിയും എം.എല്‍.എമാര്‍ക്കു വിപ്പ് നല്‍കിയിരുന്നെങ്കിലും ബി.ജെ.പിയുടെ നാല് എം.എല്‍.എമാര്‍ വിശ്വാസവോട്ടെടുപ്പിന്റെ സമയത്ത് സഭയിലില്ലാതിരുന്നത് പാര്‍ട്ടിക്കു നാണക്കേടായിരുന്നു.
തങ്ങള്‍ സഭയില്‍ എത്തിയിരുന്നെന്നും പിന്നീട് സഭ ഉച്ചയ്ക്ക് ഒന്നുവരെ പിരിഞ്ഞപ്പോഴാണ് പുറത്തുപോയതെന്നുമാണ് ഈ എം.എല്‍.എമാരുടെ വാദം. വിഷയത്തിനു മറ്റു വശങ്ങളില്ലെന്നു ബി.ജെ.പിയും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, വിപ്പ് നല്‍കിയിട്ടും അത്രയേറെ നിര്‍ണായക സാഹചര്യമായിരുന്നിട്ടും പാര്‍ട്ടി എം.എല്‍.എമാര്‍ സഭയില്‍നിന്നു മുങ്ങിയതു ബി.ജെ.പിക്കു വലിയ നാണക്കേടാകുകയും ചെയ്തിരുന്നു.
രോഗമായതുകൊണ്ടാണ് താന്‍ സഭ വിട്ടതെന്നു വ്യക്തമാക്കി ഗോപീചന്ദ് മീണ രംഗത്തെത്തി. ടോയ്‌ലറ്റില്‍ പോകാനായി താന്‍ എം.എല്‍.എ ഹോസ്റ്റലിലേക്കു പോകുകയും മരുന്ന് കഴിച്ച ശേഷം ഫോണ്‍ സൈലന്റാക്കി ഉറങ്ങുകയുമായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
തന്റെ കാര്‍ വര്‍ക് ഷോപ്പിലായിരുന്നെന്നും അവിടെ കൊടുക്കാന്‍ ഡ്രൈവറുടെ കൈയില്‍ പണമില്ലാത്തതുകൊണ്ടാണ് താന്‍ സഭയില്‍നിന്നു പോയതെന്നുമാണ് കൈലാഷ് ചന്ദ്ര വ്യക്തമാക്കുന്നത്. പിറ്റേന്ന് സ്വന്തം മണ്ഡലത്തിലെ സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കാനാണ് നേരത്തെ പുറപ്പെട്ടതെന്നു ഹരേന്ദ്ര നിനാമയും ഗൗതം ലാലും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."