പോംപിയോ-ഇമ്രാന്‍ ഖാന്‍ സംഭാഷണം: യു.എസ് പ്രസ്താവന തിരുത്തണമെന്ന് പാകിസ്താന്‍
ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നടത്തിയ ടെലിഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട പരമാര്‍ശം തിരുത്തണമെന്ന് പാകിസ്താന്‍. ഇമ്രാന്‍ ഖാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ തീവ്രവാദത്തിനെതിരേ ശക്തമായ നിലാപാടെടുക്കണമെന്ന് പോംപിയോ ആവശ്യപ്പെട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നോര്‍ട്ട് പ്രസ്താവിച്ചിരുന്നു. ഇതിനെതിരേയാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുടെ ഓഫിസ് രംഗത്തെത്തിയത്.
പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇമ്രാന്‍ ഖാനെ പോംപിയോ അഭിനന്ദിച്ചുവെന്നും എന്നാല്‍ പാകിസ്താനിലെ തീവ്രവാദത്തിനെതിരേയുളള നടപടിയുമായി ബന്ധപ്പെട്ട് അദ്ദേഹം പരാമര്‍ശങ്ങളൊന്നും നടത്തിയില്ലെന്നും പാക് വിദേശകാര്യ ഓഫിസ് വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. പ്രധാനമന്ത്രി പോംപിയോയുമായി നടത്തിയ സംഭാഷണവുമായി ബന്ധപ്പെട്ട് യു.എസ് നടത്തിയ വസ്തുതാ വിരുദ്ധമായ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുകയാണ്. സംഭാഷണത്തില്‍ പാകിസ്താനിലെ തീവ്രവാദവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇത് നിര്‍ബന്ധമായി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത മാസം ആദ്യത്തില്‍ പോംപിയോ പാകിസ്താന്‍ സന്ദര്‍ശിച്ച് ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്തിയേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് പോംപിയോ ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം വിദേശ പ്രതിനിധിയുമായി ഇമ്രാന്‍ ഖാന്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ച്ചയാകുമിത്.
ജനുവരി മുതല്‍ പാകിസ്താന്‍ -യു.എസ് ബന്ധം കൂടുതല്‍ വഷളായിരുന്നു. പാകിസ്താന്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്താന് വര്‍ഷത്തില്‍ യു.എസ് നല്‍കിയിരുന്ന ഒരു ബില്യന്‍ ഡോളര്‍ വെട്ടിക്കുറച്ച് 150 മില്യന്‍ ഡോളര്‍ നല്‍കാനുള്ള ബില്‍ യു.എസ് സെനറ്റ് പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."