ബിഹാറില്‍ ആര്.ജെ.ഡിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക്
പാറ്റ്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആര്.ജെ.ഡിയില്‍നിന്ന് എം.എല്‍.എമാര്‍ മറുകണ്ടം ചാടുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് ദിവസങ്ങള്‍ക്കു മുന്‍പ് മൂന്ന് എം.എല്‍.എമാരെ ആര്.ജെ.ഡി പുറത്താക്കുകയും ഇവരില്‍ രണ്ടുപേര്‍ ജെ.ഡി.യുവില്‍ ചേരുകയും ചെയ്തതിനു പിന്നാലെ, കഴിഞ്ഞ ദിവസം മൂന്ന് എം.എല്‍.എമാര്‍കൂടി ജെ.ഡി.യുവില്‍ ചേര്‍ന്നു.
മുന്‍ സംസ്ഥാന ആരോഗ്യമന്ത്രിയും പ്രമുഖ നേതാവുമായ ചന്ദ്രികപ്രസാദ് റായ്, പലിഗഞ്ച് എം.എല്‍.എ ജയവര്‍ധന്‍ യാദവ്, ദര്‍ബംഗ എം.എല്‍.എ ഫറാസ് ഫാത്വിമി എന്നിവരാണ് കഴിഞ്ഞ ദിവസം ജെ.ഡി.യുവില്‍ ചേര്‍ന്നത്. ജെ.ഡി.യു നേതാക്കളായ ബിജേന്ദ്രപ്രസാദ് യാദവ്, ശ്രാവണ്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. പിന്നീട് ഇവര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്കുമാറിനെ സന്ദര്‍ശിക്കുകയും ചെയ്തു. നേരത്തെ, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ആര്.ജെ.ഡി പുറത്താക്കിയിരുന്ന മഹേശ്വര് പ്രസാദ് യാദവ്, പ്രേമ ചൗധരി എന്നിവരും ജെ.ഡി.യുവില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ജെ.ഡി.യുവില്‍ ചേര്‍ന്ന ചന്ദ്രികപ്രസാദ് റായ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകന് തേജ്പ്രതാപ് യാദവിന്റെ ഭാര്യാപിതാവാണ്. വിവാഹബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇപ്പോള്‍ വിവാഹമോചന ഹരജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. 2019ല്‍ താന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്കു മത്സരിച്ചപ്പോള്‍ തന്നെ പരാജയപ്പെടുത്താന്‍ തേജ്പ്രതാപ് യാദവ് ശ്രമിച്ചെന്ന ആരോപണവുമായി ചന്ദ്രികപ്രസാദ് റായ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തേജ്പ്രതാപ് യാദവിനെതിരേ മത്സരിക്കുമെന്നാണ് വിവരം.
കൂടുതല്‍ നേതാക്കള്‍ തങ്ങളുടെ സഖ്യത്തിലേക്കെത്തുമെന്ന് ബി.ജെ.പിയും ജെ.ഡി.യുവും ഇന്നലെ വ്യക്തമാക്കിയിട്ടുമുണ്ട്. അതേസമയം, ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നെന്നാരോപിച്ച് ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച പാര്‍ട്ടി കഴിഞ്ഞ ദിവസം ആര്.ജെ.ഡി സഖ്യം വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."