ബി.ജെ.പി ഇന്ത്യയെ വിഭജിക്കുന്നെന്ന് രാഹുല്‍ ഗാന്ധി
ബെര്‍ലിന്‍: ബി.ജെ.പിയും ആര്‍.എസ്.എസും ഇന്ത്യയെ വിഭജിക്കുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിലെ നാനാത്വത്തിലെ ഏകത്വം എന്ന ചിന്ത കടന്നുവന്നത് ഗുരനാനാക്കില്‍ നിന്നാണെന്നും ഇന്ത്യയിലേക്ക് ബി.ജെ.പി വെറുപ്പ് പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലെ ബെര്‍ലിനില്‍ ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് എല്ലാവര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. നാനാത്വത്തിലെ ഏകത്വം പ്രചരിപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ഇന്നത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് വിഭജനത്തിനാണ്. വെറുപ്പ് പ്രചരിപ്പിക്കാത്ത, പുരോഗതിയിലേക്ക് നയിക്കുന്ന ഇന്ത്യയെയാണ് നമുക്കാവശ്യം. ഇതാണ് നമ്മുടെ സംസ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് ആലോചിച്ചുറപ്പിച്ച തീരുമാനമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ദോക്‌ലാം വിഷയത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പ്രധാനമന്ത്രിയുടെ നീക്കങ്ങളെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
പാകിസ്താനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യം പ്രധാനമന്ത്രി ഇനിയും ഗൗരവത്തോടെ ആലോചിച്ചിട്ടില്ല. പാകിസ്താനുമായി നയപരമായി നീങ്ങുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ട് രാജ്യങ്ങളും തുല്യശക്തികളാണ് എന്നത് മറന്നുകൂടാ. ഇരുകൂട്ടരും തമ്മില്‍ നല്ല ബന്ധം ഉണ്ടാവുന്നതുവരെ നാം കാത്തിരുന്നേ മതിയാവൂവെന്ന് രാഹുല്‍ പറഞ്ഞു
ദോക്‌ലാമിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രി കാര്യങ്ങള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്ന് കുറ്റപ്പെടുത്തി. നിരവധി കാര്യങ്ങളുടെ തുടര്‍ച്ച മാത്രമാണ് ദോക്‌ലാമിലേത്. എന്നാല്‍ പ്രധാനമന്ത്രി അതിനെ ഒരു സംഭവമായാണ് നോക്കിക്കാണുന്നത്. ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചിരുന്നെങ്കില്‍ പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
മന്ത്രി സുഷമാ സ്വരാജ് മോദി സര്‍ക്കാരിലെ ജോലിയില്ലാത്ത ആളാണെന്നും രാഹുല്‍ പരിഹസിച്ചു. വിസ അനുവദിക്കുക മാത്രമാണ് അവരുടെ ജോലി. രാജ്യത്തിന്റെ വിദേശനയം തീരുമാനിക്കുന്നതില്‍ വിദേശകാര്യമന്ത്രിക്ക് പങ്കില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."