സ്വര്‍ണക്കടത്ത്: സ്വപ്നയ്ക്ക് ജാമ്യമില്ല
ലോക്കറില്‍ നിന്ന് പിടിച്ചെടുത്തത് കള്ളപ്പണമെന്ന് എന്‍ഫോഴ്സ്മെന്റ്
സ്വന്തം ലേഖിക
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. സ്വര്‍ണക്കടത്തിന് പുറമെ കള്ളപ്പണം വെളുപ്പിക്കല്കൂടി ഈ സംഭവത്തിലുണ്ടായെന്ന എന്‍ഫോഴ്സ്മെന്റ് വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ഏറെ സ്വാധീനമുള്ള സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കാനും സാക്ഷികള്‍ സ്വാധീനിക്കപ്പെടാനും ഇടയുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡോ.കൗസര്‍ എടപ്പകത്ത് നിരീക്ഷിച്ചു.
സ്വപ്നയുടെ പേരിലുള്ള രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഈ പണം ലൈഫ് മിഷന് പദ്ധതിയിലടക്കം ഇടനിലക്കാരിയായി നിന്നതിന് കമ്മീഷന് ലഭിച്ചതാണെന്നായിരുന്നു സ്വപ്നയുടെ വാദം. എന്നാല്‍, സ്വപ്നയ്ക്ക് നേരിട്ട് കമ്മീഷന് നല്‍കിയിട്ടില്ലെന്നും കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയതെന്നും ലൈഫ് മിഷന് പദ്ധതിയില്‍ കരാര്‍ ലഭിച്ച യൂണിടാക് കമ്പനിയുടെ പ്രതിനിധികള്‍ മൊഴിനല്‍കിയതായി എന്‍ഫോഴ്സ്മെന്റ് അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു. ബാങ്ക് ലോക്കറിലുള്ളത് കമ്മീഷനായി ലഭിച്ചതല്ലെന്നും കള്ളപ്പണമാണെന്നും അഭിഭാഷകന് വാദിച്ചു. ഈ വാദം ഉത്തരവില്‍ എടുത്തുപറഞ്ഞ കോടതി കള്ളപ്പണ ഇടപാടുകള്‍ രാജ്യത്തെ സാമ്പത്തിക സംവിധാനങ്ങള്‍ക്ക് മാത്രമല്ല, രാജ്യസുരക്ഷയ്ക്ക് കൂടി ഭീഷണിയാണെന്നും നിരീക്ഷിച്ചു. ഈ കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് വാദവും കോടതി അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."