മത്തായിയുടെ കസ്റ്റഡി മരണം: അന്വേഷണം സി.ബി.ഐക്ക്
മൃതദേഹം സംസ്‌കരിക്കാന്‍ നിര്‍ദേശം
കൊച്ചി: പത്തനംതിട്ട ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ഫാം ഉടമ പി.പി മത്തായി മരിച്ചതിന്റെ അന്വേഷണം അടിയന്തരമായി സി.ബി.ഐക്ക് കൈമാറണമെന്ന് ഹൈക്കോടതി. തുടര്‍ന്ന് മത്തായിയുടെ മരണം സി.ബി.ഐക്ക് കൈമാറാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സി.ബി.ഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. കേസില്‍ എന്തുകൊണ്ടാണ് ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുക്കാത്തതെന്നും കോടതി ചോദിച്ചു. മൃതദേഹം എത്രയും പെട്ടെന്ന് സംസ്‌കരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജൂലൈ 28നാണ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ മത്തായിയെ വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് മരണവിവരമാണ് ബന്ധുക്കള്‍ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വനപാലകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ ദൃക്‌സാക്ഷികളില്ല. ശരീരത്തില്‍ കണ്ട മുറിവുകളുടെ സ്വഭാവം അറിയാന്‍ ഡമ്മി പരീക്ഷണം നടത്തിയെന്ന് പൊലിസ് അറിയിച്ചു. കേസില്‍ നിന്ന് അസ്വാഭാവിക മരണത്തിനുള്ള വകുപ്പ് ഒഴിവാക്കി. മനഃപൂര്‍വമല്ലാത്ത നരഹത്യ, അന്യായ തടങ്കല്‍, തട്ടിക്കൊണ്ടുപോകല്‍, വ്യാജരേഖ ചമയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലിസ് റിപ്പോര്‍ട്ട് നല്‍കിരുന്നു. വനത്തിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലിസില്‍ പരാതി നല്‍കാതിരുന്നതിലും വനംവകുപ്പിന് വീഴ്ചയുണ്ടായി. അറസ്റ്റ് ചെയ്തയാളെ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചില്ലെന്നും ആരോപണമുണ്ട്. വൈദ്യപരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചുവെന്ന് ഹരജിക്കാരി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരമുള്ള കുറ്റം ചെയ്‌തെന്നായിരുന്നു മത്തായിക്കെതിരേയുള്ള ആരോപണം. മത്തായിയുടേത് മുങ്ങിമരണമാണെന്നും ഉയരത്തില്‍ നിന്ന് വീണതിന്റെ ക്ഷതമാണ് ശരീരത്തിലുള്ളതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."