ഇഫ്‌ലു പി.എച്ച്.ഡി പ്രവേശന പരീക്ഷ തടഞ്ഞ സംഭവം: ഹൈക്കോടതി വിധി ന്യൂനപക്ഷവിരുദ്ധ നയത്തിനേറ്റ തിരിച്ചടി: എം.എസ്.എഫ്
മലപ്പുറം: കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനു കീഴിലുള്ള ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വജസ് സര്‍വകലാശാല(ഇഫ്‌ലു)യില്‍ മലപ്പുറം ചുങ്കത്തറ സ്വദേശി സി. അബ്ദുല്‍ ജബ്ബാറിന് പി.എച്ച്.ഡി പ്രവേശന പരീക്ഷ നിഷേധിച്ച സംഭവത്തില്‍ കേരള ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് എം.എസ്.എഫ്. വിദ്യാര്‍ഥിക്കു പ്രത്യേകമായി പി.എച്ച്.ഡി എന്‍ട്രന്‍സ് പരീക്ഷ നടത്താനും യോഗ്യത നേടിയാല്‍ അഡ്മിഷന്‍ നല്‍കാനുമാണു കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും ദലിത്-ന്യൂനപക്ഷ വിരുദ്ധ നയത്തിനേറ്റ കനത്ത തിരിച്ചടിയാണു കോടതിവിധിയെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇഫ്‌ലുവില്‍ ബിരുദാനന്തര ബിരുദ പഠനസമയത്ത് രോഹിത് വെമുല വിഷയവുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്തെന്നു ചൂണ്ടിക്കാട്ടിയാണു സര്‍വകലാശാല പി.എച്ച്.ഡി അഡ്മിഷന്‍ നല്‍കാനാകില്ലെന്ന നിലപാട് കൈക്കൊണ്ടത്.
കേന്ദ്ര സര്‍വകലാശാലയുടെ ഈ നിലപാട് തള്ളിക്കൊണ്ടാണ് അഡ്വ. പി.ഇ സജല്‍ മുഖേന വിദ്യാര്‍ഥി നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. പരീക്ഷയിലെ ഒ.ബി.സി വിഭാഗം സീറ്റില്‍ ഒരെണ്ണം ഹരജിക്കാരനായി ഒഴിച്ചിടാന്‍ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വിദ്യാര്‍ഥിക്കു തുടര്‍പഠനം നിഷേധിക്കുന്നത് ഭരണഘടനാ അവകാശലംഘനമാണെന്നും വിദ്യാഭ്യാസ അവകാശസംരക്ഷണ നിയമത്തിനു വിരുദ്ധമാണെന്നും ഹരജിയില്‍ ഉന്നയിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അച്ചടക്കനടപടി നേരിട്ടു എന്നുള്ളത് ഉന്നതപഠനത്തിന് അവസരം നിഷേധിക്കാന്‍ കാരണമായി കണക്കാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
വാര്‍ത്താസമ്മേളനത്തില്‍ എം.എസ്.എഫ് ദേശീയ സെക്രട്ടറി എന്‍.എ കരീം, പരാതിക്കാരനായ അബ്ദുല്‍ ജബ്ബാര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."