കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ അനുമതി അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധനയ്ക്ക് ശേഷം
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നല്‍കിയിരിക്കുന്നത് അഞ്ച് മാസം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം മാത്രം. വ്യോമായാന മന്ത്രാലയമാണ് കരിപ്പൂരില്‍ അപകടം നടന്ന തൊട്ടുടുത്ത ദിവസം മുതല്‍ വലിയ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ സഊദി എയര്‍ലെന്‍സ്, എയര്‍ഇന്ത്യയുടെ ജംബോ വിമാനങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ലാതെയായിരുന്നു.
കഴിഞ്ഞ ഏഴിനാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈയില്‍ നിന്നുള്ള വിമാനം ലാന്‍ഡിങ്ങിനിടെ കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട് 19 പേര്‍മരിച്ചത്. സംസ്ഥാന പൊലിസ് മുതല്‍ എയര്‍പോര്‍ട്ട് അതോറിറ്റിവരെയുളള വ്യത്യസ്ത സംഘങ്ങളാണ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. ഡി.ജി.സി,എ, എയര്‍ഇന്ത്യ എക്‌സപ്രസ്, വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി)തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്. അപകടത്തില്‍പ്പെട്ട വിമാനം നിര്‍മിച്ച കമ്പനിയായ ബോയിങ് അധികൃതരും, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ എയര്‍ട്രാഫിക് മാനേജ്‌മെന്റ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ജെ.പി അലക്‌സ്, സി.എന്‍.എസ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ പാന്‍സിങ് എന്നിവരുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും പരിഗണിച്ചായിരിക്കും കരിപ്പൂരില്‍ വലിയ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക. അഞ്ചുമാസം കൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എ.എ.ഐ ബിയോട് നിര്‍ദേശിച്ചിരിക്കും. ഇതോടെ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും സമര്‍പ്പിക്കുക. ഇതിന് ശേഷമാവും വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി പരിഗണിക്കുക.
കരിപ്പൂരില്‍ 2015ല്‍ റണ്‍വേ റീ-കാര്‍പ്പറ്റിങ്ങിനായി നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ക്ക് പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും അനുമതി നല്‍കിയത്. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് റണ്‍വേയും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയും(റിസ)നവീകരിച്ചത്.
അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ എന്‍ജിന്‍ മണ്ണില്‍ താഴ്ന്നനിലയില്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ എന്‍ജിന്‍ ഭാഗങ്ങള്‍ വീഴ്ചയില്‍ മണ്ണില്‍ താഴ്ന്നതായി കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയിലാണ് മഴയില്‍ കുതിര്‍ന്ന മണ്ണില്‍ എന്‍ജിന്‍ താഴ്ന്നതായി കണ്ടെത്തിയത്. ഇത് വലിയ പൊട്ടിത്തെറി ഒഴിവാക്കാന്‍ കാരണമായതായാണ് നിഗമം.
നിശ്ചിത ലാന്‍ഡിങ് പരിധിയില്‍ നിന്ന് 1200 മീറ്റര്‍ മാറി നിലംതൊട്ട വിമാനം റണ്‍വേയുടെ അറ്റത്തുള്ള ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റത്തിന്റെ ആന്റിനയിലിടിച്ചാണ് 35 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. ഫൈബര്‍ കൊണ്ട് നിര്‍മിച്ച ആന്റിന ആയതിനാല്‍ വിമാനത്തിന്റെ ചിറക് തര്‍ന്നില്ല. ചിറകിനോട് ചേര്‍ന്നാണ് വിമാനത്തിന്റെ ഇന്ധനടാങ്ക്. മഴയില്‍ നവുള്ള മണ്ണിലേക്ക് എന്‍ജിന്‍ വീണതോടെ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുമായി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ സമയോചിത ഇടപെടലും അപകടത്തിന്റെ തീവ്രത കുറച്ചതായും കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."