ദുരിതാശ്വാസ ക്യാംപില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമം; രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
പനമരം: പനമരം ഗവ. ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപില്‍നിന്നു സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു റവന്യൂ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.
പനമരം വില്ലേജ് ഓഫിസിലെ സ്പെഷല്‍ വില്ലേജ് ഓഫിസര്‍ എം.പി ദിനേഷ്, അസിസ്റ്റന്റ് വില്ലേജ് ഓഫിസര്‍ സിനിഷ് ജോസഫ് എന്നിവരെയാണ് മാനന്തവാടി തഹസില്‍ദാരുടെ പരാതിയെ തുടര്‍ന്നു പനമരം പൊലിസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഇരുവരും ക്യാംപിലെ സ്റ്റോര്‍ റൂമില്‍നിന്നു സാധനങ്ങള്‍ കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ അന്തേവാസികളും നാട്ടുകാരും ചേര്‍ന്നു തടഞ്ഞുവച്ചു തഹസില്‍ദാരെ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്നു സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ഉദ്യോഗസ്ഥര്ക്കെതിരേ പൊലിസില്‍ പരാതി നല്കി. അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍, ക്ലീനിങ് മെറ്റീരിയല്‍സ്, ചെരിപ്പുകള്‍ തുടങ്ങിയവയാണ് കടത്താന്‍ ശ്രമിച്ചതെന്നു പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."