ഹോക്കി ഡ്രിബ്ലിങ് മാന്ത്രികന്‍ മുഹമ്മദ് ഷഹീദ് അന്തരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഇതിഹാസം മുഹമ്മദ് ഷഹീദ് മരിച്ചു. അദ്ദേഹത്തിനു 56 വയസായിരുന്നു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കയും കരളും തകരാറിലായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. മൂന്നാഴ്ച്ചത്തെ ആശുപത്രി വാസത്തിനൊടുവിലാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. 1980കളില്‍ ഇന്ത്യന്‍ ഹോക്കിയുടെ നെടുംതൂണായിരുന്നു ഷഹീദ്. 1980ലെ മോസ്‌ക്കോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ടീമിലംഗമായിരുന്നു അദ്ദേഹം.
1960 ഏപ്രില്‍ 14ന് ഉത്തര്‍പ്രദേശിലെ വാരണാസിയിലായിരുന്നു ഷഹീദിന്റെ ജനം. 19ാം വയസില്‍ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇടം പിടിച്ചതോടെയാണ് ഷഹീദ് മുഖ്യധാരയിലേക്കെത്തുന്നത്. പിന്നീട് മലേഷ്യയില്‍ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലാണ് ഷഹീദിന്റെ മികവ് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ ഡ്രിബ്ലിങ് മികവ് ഏവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
ഇന്ത്യന്‍ ടീമിലെ ഡ്രിബ്ലിങ് മാന്ത്രികന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
സഹ താരമായ സഫര്‍ ഇഖ്ബാലിനൊത്തുള്ള ഷഹീദിന്റെ നീക്കങ്ങള്‍ അക്കാലത്ത് എതിരാളികള്‍ ഭയപ്പെടുന്ന ടീമാക്കി ഇന്ത്യയെ മാറ്റിയിരുന്നു. ക്രിക്കറ്റിന്റെ വളര്‍ച്ചയെ തുടര്‍ന്ന് പ്രതാപം നഷ്ടമായ ഹോക്കി വീണ്ടും ജന ശ്രദ്ധയിലെത്തിക്കുന്നത് ഷഹീദിന്റെ മാസ്മരിക പ്രകടനങ്ങളായിരുന്നു.
1980ലെ ഒളിംപിക്‌സില്‍ ഷഹീദിന്റെ കളി മികവ് ഇന്ത്യയെ സ്വര്‍ണ നേട്ടത്തിലേക്ക് നയിച്ചതോടെ ടീമിന്റെ അവിഭാജ്യ ഘടകമായി താരം മാറി. 1981ല്‍ അര്‍ജുനയും 1986ല്‍ പത്മശ്രീയും നല്‍കി രാജ്യം ഷഹീദിനെ ആദരിച്ചു. 1982, 1986 ഏഷ്യന്‍ ഗെയിംസില്‍ സഫറിന്റെയും ഷഹീദിന്റെയും പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1982ലെ ഗെയിംസില്‍ വെള്ളിയും 86ല്‍ വെങ്കലവും ഇവരുടെ മികവിലാണ് ഇന്ത്യ നേടിയത്. 1985-86 കാലഘട്ടത്തില്‍ ഇന്ത്യയെ നയിക്കാനും ഷഹീദിന് അവസരം ലഭിച്ചു.
അവസാന കാലത്ത് രോഗം അലട്ടിയിരുന്ന ഷഹീദിന് കേന്ദ്ര കായിക മന്ത്രാലയം 10 ലക്ഷം രൂപ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."