പ്രളയത്തിന് കാരണം ഡാമുകള്‍ നിറയാന്‍ കാത്തുനിന്നത്: ഉമ്മന്‍ചാണ്ടി
കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയത്തിനു കാരണം മുന്നറിയിപ്പുകള്‍ അവഗണിച്ചു ഡാമുകള്‍ നിറയാന്‍ കാത്തുനിന്നതാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രളയത്തിനുത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
40 കോടി രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനു ഡാമുകളില്‍ വെള്ളം പിടിച്ചുവച്ച സര്‍ക്കാര്‍ തീരുമാനമാണ് 20,000 കോടിയുടെ നഷ്ടത്തിലേക്കു വഴിതെളിച്ചത്. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 13 വരെ ചെറിയ തോതിലുള്ള മഴയാണ് ലഭിച്ചത്. ആവശ്യത്തിനുള്ള വെള്ളം പിടിച്ചുനിര്‍ത്തിയതിനു ശേഷം ബാക്കി തുറന്നുവിടുന്നതിനു പകരം ഡാമുകളുടെ സംഭരണശേഷിയിലേക്കു വെള്ളത്തിന്റെ അളവെത്തുന്നതുവരെ സര്‍ക്കാര്‍ കാത്തുനിന്നു. ഇക്കാര്യം മുഖ്യമന്ത്രിതന്നെ സമ്മതിച്ചിട്ടുണ്ടെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി, വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
ഡാമുകള്‍ കൂട്ടമായി തുറന്നപ്പോള്‍ തണ്ണീര്‍മുക്കത്തെ ബണ്ട് തുറക്കാതിരുന്നതു കുട്ടനാടിനെ പ്രളയത്തിലാക്കി.
ഇതിന്റെ മൂന്നാമത്തെ ഷട്ടറിനോടു ചേര്‍ന്ന് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാതിരുന്നതും വീഴ്ച്ചയാണ്. മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കിയപ്പോഴാണ് മണ്ണ് മാറ്റി ബണ്ട് തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
തോട്ടപ്പള്ളി സ്പില്‍വേയുടെ കേടായ ഷട്ടറുകള്‍ നന്നാക്കുന്നതിലെ കാലതാമസവും മുന്നറിയിപ്പുകളില്ലാതെ ഇടമലയാര്‍ അണക്കെട്ട് തുറന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തിയ വേളയില്‍ നടത്തിയ ചര്‍ച്ചകളില്‍നിന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒഴിവാക്കിയതു ന്യായികരിക്കാനാകില്ല.
പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനും മറ്റുമായി കോടികള്‍ ആവശ്യമാണെന്നിരിക്കേ വിദേശത്തുനിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.വാര്‍ത്താസമ്മേളനത്തില്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, ബെന്നി ബെഹനാന്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."