നാണംകെട്ട് ടേണര്‍
ജയ്പുര്‍: ഒരു ക്രിക്കറ്ററും ഓര്‍മിക്കാനാഗ്രഹിക്കാത്ത റെക്കോര്‍ഡുമായി രാജസ്ഥാന് റോയല്‍സിന്റെ ആസ്ത്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്ടണ്‍ ടേണര്‍.
ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളില്‍ പൂജ്യത്തിനു പുറത്തായ ലോകത്തിലെ തന്നെ ആദ്യ ക്രിക്കറ്ററെന്ന നാണക്കേടാണ് ടേണറുടെ പേരിലായത്. ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ താരം ഐ.പി.എല്ലിന് മുന്‍പ് കളിച്ച രണ്ട് ടി20 മത്സരങ്ങളിലും പൂജ്യത്തിന് മടങ്ങിയിരുന്നു. ഇതാദ്യമായാണ് ടി20യില്‍ ഒരു താരത്തിന് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ പൂജ്യത്തിനു പുറത്താവേണ്ടിവന്നത്.
രാജസ്ഥാന് വേണ്ടി അഞ്ചാമനായി ക്രീസിലെത്തുന്ന ടേണര്‍ ഐ.പി.എല്ലില്‍ തിങ്കളാഴ്ച ഡല്‍ഹി കാപ്പിറ്റല്സിനെതിരേ നടന്ന മത്സരത്തിലാണ് അവസാനമായി അക്കൗണ്ട് തുറക്കാനാവാതെ ടേണര്‍ ക്രീസ് വിട്ടത്. ഇഷാന്ത് ശര്‍മയാണ് താരത്തിന്റെ വിക്കറ്റെടുത്തത്. ഫെബ്രുവരിയില്‍ ആസ്ത്രേലിയയില്‍ നടന്ന ബിഗ് ബാഷ് ടി20 ലീഗില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനു വേണ്ടി കളിക്കവെയാണ് ടേണര്‍ സംപൂജ്യനായി മടങ്ങി തുടക്കമിട്ടത്. പിന്നീട് ആസ്ത്രേലിയന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ടേണറും സംഘത്തിലുണ്ടായിരുന്നു. ഇന്ത്യക്കെതിരായ ടി20യില്‍ അഞ്ചു പന്തുകള്‍ നേരിട്ട് റണ്ണെടുക്കാനാവാതെ താരം പുറത്താവുകയായിരുന്നു. ഐ.പി.എല്ലില്‍ നേരിട്ട ആദ്യ പന്തുകളില്‍ തന്നെയാണ് മൂന്നു മത്സരങ്ങളിലും ടേണര്‍ പുറത്തായത്. ഏകദിനത്തില്‍ താരം മോശമല്ലാത്ത പ്രകടനമാണ് ഓസീസിനു വേണ്ടി നടത്തിയത്. ഇന്ത്യക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ 43 പന്തില്‍ 84 റണ്‍സ് അടിച്ചെടുത്ത് ടേണര്‍ ആസ്ത്രേലിയക്കു അവിസ്മരണീയ വിജയം സമ്മാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."