HOME
DETAILS

വെള്ളപ്പൊക്കത്തില്‍

  
backup
August 24 2018 | 20:08 PM

vellappokkathil

 

നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നു. വെള്ളം! സര്‍വത്ര ജലം! നാട്ടുകാരെല്ലാം കരതേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍, വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍, പട്ടി, പൂച്ച, ആട്, കോഴി മുതലായ വളര്‍ത്തുമൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല.
ചേന്നപ്പറയന്‍ ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തില്‍ത്തന്നെ നില്‍ക്കുന്നു. അവനു വള്ളമില്ല. അവന്റെ തമ്പുരാന്‍ മൂന്നായി, പ്രാണനും കൊണ്ടു കരപറ്റിയിട്ട്. ആദ്യം പുരയ്ക്കകത്തേക്കു വെള്ളം എത്തിനോക്കിത്തുടങ്ങിയപ്പോഴേ മടലും കമ്പുംകൊണ്ടു തട്ടും പരണം കെട്ടിയിരുന്നു. വെള്ളം പെട്ടെന്നിറങ്ങുമെന്നു കരുതി രണ്ടു ദിവസം അതില്‍ കുത്തിയിരുന്നു കഴിച്ചുകൂട്ടി. കൂടാതെ നാലഞ്ചു വാഴക്കുലയും തുറുവും കിടക്കുന്നു. അവിടെനിന്നു പോയാല്‍ അവയെല്ലാം ആണുങ്ങള്‍ കൊണ്ടുപോകയും ചെയ്യും.
ഇപ്പോള്‍ തട്ടിന്റെയും പരണിന്റെയും മുകളില്‍ മുട്ടറ്റം വെള്ളമുണ്ട്. മേല്‍ക്കൂരയുടെ രണ്ടുവരി ഓല വെള്ളത്തിനടിയിലാണ്. അകത്തു കിടന്നു ചേന്നന്‍ വിളിച്ചു. ആരു വിളികേള്‍ക്കും? അടുത്താരുണ്ട്? ഗര്‍ഭിണിയായ ഒരു പറച്ചി, നാലു കുട്ടികള്‍, ഒരു പൂച്ച, ഒരു പട്ടി.. ഇത്രയും ജീവികള്‍ അവനെ ആശ്രയിച്ചിട്ടുമുണ്ട്. പുരയ്ക്കു മുകളില്‍ക്കൂടി വെള്ളം ഒഴുകാന്‍ മുപ്പതുനാഴിക വേണ്ടെന്നും, തന്റെയും കുടുംബത്തിന്റെയും അവസാനമടുത്തുവെന്നും അവന്‍ തീര്‍ച്ചപ്പെടുത്തി. ഭയങ്കരമായ മഴ തോര്‍ന്നിട്ടു മൂന്നു ദിവസമായി. കൂരയുടെ ഓല പൊളിച്ച് ചേന്നന്‍ ഒരു കണക്കില്‍ പുറത്തിറങ്ങി നാലുചുറ്റിനും നോക്കി. വടക്ക് ഒരു കെട്ടുവള്ളം പോകുന്നു. അത്യുച്ചത്തില്‍ ചേന്നപ്പറയന്‍ വള്ളക്കാരെ കൂകിവിളിച്ചു. വള്ളക്കാര്‍ക്ക്, ഭാഗ്യംകൊണ്ടു കാര്യം മനസിലായി. അവര്‍ വള്ളം കൊട്ടിലിനുനേര്‍ക്കു തിരിച്ചു. കിടാങ്ങളെയും പെണ്ണാളിനെയും പട്ടിയെയും പൂച്ചയെയും പുരയുടെ വാരിക്കിടയില്‍ക്കൂടി ഓരോന്നായി ചേന്നന്‍ വലിച്ചു വെളിയിലിട്ടു. അപ്പോഴേക്കു വള്ളവും വന്നടുത്തു.
കിടാങ്ങള്‍ വള്ളത്തില്‍ കയറിക്കൊണ്ടിരിക്കയാണ്. 'ചേന്നച്ചോ, പുഹേയ്!' പടിഞ്ഞാറുനിന്നാരോ വിളിക്കുന്നു. ചേന്നന്‍ തിരിഞ്ഞുനോക്കി. 'ഇങ്ങാ വായോ!' അതു മടിയത്തറ കുഞ്ഞേപ്പനാണ്. അവന്‍ പുരപ്പറത്തുനിന്നു വിളിക്കുകയാണ്. ധിറുതിപ്പെട്ടു പെണ്ണാളിനെ പിടിച്ചു വള്ളത്തില്‍ കയറ്റി. അത്തക്കത്തിനു പൂച്ചയും വള്ളത്തില്‍ ചാടിക്കയറി. പട്ടിയുടെ കാര്യം ആരും ഓര്‍ത്തില്ല. അത്, പുരയുടെ പടിഞ്ഞാറെ ചരുവില്‍, അവിടെയും ഇവിടെയും മണപ്പിച്ചു നടക്കുകയാണ്.
വള്ളം നീങ്ങി; അതകലെയായി.
പട്ടി മുകളെടുപ്പില്‍ തിരിച്ചുവന്നു. ചേന്നന്റെ വള്ളം അങ്ങകലെയായിക്കഴിഞ്ഞു; അതു പറന്നുപോകുന്നു. മരണവേദനയോടെ ആ ജന്തു മോങ്ങിത്തുടങ്ങി. നിസഹായനായ ഒരു മനുഷ്യന്റെ ശബ്ദത്തോടു സാദൃശ്യമുള്ള ശബ്ദപരമ്പരകള്‍ പുറപ്പെടുവിച്ചു. ആരുണ്ടതു കേള്‍ക്കാന്‍! പുരയുടെ നാലു ചരുവുകളിലും അത് ഓടിനടന്നു; ചിലടമെല്ലാം മണപ്പിച്ചു; മോങ്ങി.
സൈ്വര്യമായി പുരപ്പുറത്തിരുന്ന ഒരു തവള, അപ്രതീക്ഷിതമായ ഈ ബഹളം കണ്ടു പേടിച്ചു പട്ടിയുടെ മുന്‍പില്‍ക്കൂടി വെള്ളത്തിലേക്കു 'ധുടീം' എന്നൊരു ചാട്ടംചാടി. ആ നായ ഭയപ്പെട്ടു ഞെട്ടി പിന്നിലേക്കു കുതിച്ചു ജലത്തിനുണ്ടായ ചലനത്തെ കുറേനേരം തുറിച്ചുനോക്കിനിന്നു. ആഹാരം തേടിയാവാം. ആ മൃഗം അവിടെയും ഇവിടെയും ഒക്കെ ചെന്നു ഘ്രാണിക്കുന്നു. ഒരു തവള അവന്റെ നാസാരന്ധ്രത്തില്‍ മൂത്രം വിസര്‍ജിച്ചിട്ടു വെള്ളത്തിലേക്കു ചാടിക്കളഞ്ഞു. അസ്വസ്ഥനായ നായ ചീറ്റി, തുമ്മി, തല അറിഞ്ഞു ചീറ്റി, മുന്‍കാലുകള്‍ ഒന്നുകൊണ്ടു മോന്ത തുടച്ചു.
ഭയങ്കരമായ പേമാരി വീണ്ടും ആരംഭിച്ചു. കൂനിക്കൂടി കുത്തിയിരുന്ന് ആ പട്ടി അതു സഹിച്ചു. അതിന്റെ യജമാനന്‍ അമ്പലപ്പുഴ പറ്റിക്കഴിഞ്ഞു.
രാത്രിയായി. ഒരു ഉഗ്രനായ നക്രം ജലത്തില്‍ പകുതി ആണ്ടുകിടക്കുന്ന ആ കുടിലിനെ ഉരസിച്ചുകൊണ്ടു മന്ദം മന്ദം ഒഴുകിപ്പോയി. ഭയാക്രാന്തനായി വാല്‍ താഴ്ത്തിക്കൊണ്ട് നായ കുരച്ചു. നക്രം യാതൊന്നുമറിയാത്ത ഭാവത്തില്‍ അങ്ങൊഴുകിപ്പോയി.
മുകളെടുപ്പില്‍ കുത്തിയിരുന്ന് ആ പീഡിതനായ മൃഗം, കാര്‍മേഘാവൃതമായ, അന്ധകാരഭീകരമായ, അന്തരീക്ഷത്തില്‍ നോക്കി മോങ്ങി. ആ നായയുടെ ദീനരോദനം അതിദൂരപ്രദേശങ്ങളിലെത്തി. അനുകമ്പാതുരനായ വായുഭഗവാന്‍ അതിനെയും വഹിച്ചുകൊണ്ടു പാഞ്ഞു. വീടുകാവലേറ്റിട്ടുള്ള ചില ഹൃദയാലുക്കള്‍, അയ്യോ, പുരപ്പുറത്തിരുന്നു പട്ടി മോങ്ങുന്നു എന്നു പറഞ്ഞു കാണും. കടല്‍പ്പുറത്ത് അതിന്റെ യജമാനന്‍ ഇപ്പോള്‍ അത്താഴം ഉണ്ണുകയായിരിക്കും. പതിവനുസരിച്ച് ഊണുകഴിയുമ്പോള്‍ ഇന്നും ഒരുരുളച്ചോറ് അവന്‍ അതിന് ഉരുട്ടുമായിരിക്കും. അത്യുച്ചത്തില്‍ ഇടവിടാതെ കുറേനേരം ആ പട്ടി മോങ്ങി; ശബ്ദംതാണു നിശബ്ദമായി. വടക്കെങ്ങോ ഒരു വീട്ടിലിരുന്ന് വീട്ടുകാവല്‍ക്കാരന്‍ രാമായണം വായിക്കുന്നു. അതു ശ്രദ്ധിക്കുംപോലെ, നിശബ്ദനായി പട്ടി വടക്കോട്ടുനോക്കിനിന്നു. ആ ജീവി തൊണ്ട പൊട്ടുമാറ് രണ്ടാമതും കുറച്ചുനേരം മോങ്ങി.
ആ നിശീഥിനിയുടെ നിശ്ശേഷനിശബ്ദതയില്‍ ശ്രുതിമധുരമായ രാമായണം വായന ഒരിക്കല്‍ക്കൂടി എങ്ങും പരന്നൊഴുകി. നമ്മുടെ ശുനകന്‍ ആ മാനവശബ്ദം ചെവിയോര്‍ത്തുകേട്ട് കുറച്ചധികനേരം നിശ്ചലം നിന്നു. ഒരു ശീതമാരുതപ്രവാഹത്തില്‍ ആ ശാന്തമധുരമായ ഗാനം ലയിച്ചു. കാറ്റിന്റെ ഒച്ചയും അലകളിളക്കുന്ന 'ബളബള' ശബ്ദവും അല്ലാതൊന്നും കേള്‍പ്പാനില്ല.
മുകളെടുപ്പില്‍ ചേന്നന്റെ പട്ടി കയറിക്കിടക്കുന്നു. ഘനമായി അതു ശ്വാസോച്ഛ്വാസം ചെയ്തു. ഇടയ്ക്കിടയ്ക്ക് എന്തോ നിരാശനായി പിറുപിറുക്കുന്നുമുണ്ട്. അവിടെ ഒരു മീന്‍ തുടിച്ചു; ചാടി എണീറ്റ് നായ കുരച്ചു. മറ്റൊരിടത്തു തവള ചാടി; അസ്വസ്ഥനായി നായ മുറുമുറുത്തു. പ്രഭാതമായി. താണസ്വരത്തില്‍ അതു മോങ്ങിത്തുടങ്ങി. ഹൃദയദ്രവീകരണസമര്‍ഥമായ ഒരു രാഗം വിസ്തരിച്ചു തുടങ്ങി! തവളകള്‍ അവനെ തുറിച്ചുനോക്കി, ജലത്തില്‍ ചാടി ഉപരിതലത്തില്‍ക്കൂടി തെറ്റിത്തെന്നി ചരിച്ചുതാഴുന്നത് അവന്‍ നിര്‍ന്നിമേഷം നോക്കിനില്‍ക്കും.
ജലപ്പരപ്പില്‍ നിന്നുയര്‍ന്നുകാണുന്ന ആ ഓലക്കെട്ടുകളിലെല്ലാം അവന്‍ ആശയോടെ ദൃഷ്ടിവച്ചു. എല്ലാം വിജനമാണ്. ഒരിടത്തും തീ പുകയുന്നില്ല. ശരീരത്തില്‍ കടിച്ചു സുഖിക്കുന്ന ഈച്ചകളെ പട്ടി കടിച്ചുകൊറിക്കും. പിന്‍കാലുകളാല്‍ താടി കൂടെക്കൂടെ ചൊറിഞ്ഞ് ഈച്ചയെ പായിക്കും. അല്‍പനേരം സൂര്യന്‍ തെളിഞ്ഞു. ആ ഇളംവെയിലില്‍ അവന്‍ കിടന്നു മയങ്ങി. മന്ദാനിലനില്‍ ഇളകുന്ന വാഴയിലയുടെ ഛായ പുരപ്പുറത്തങ്ങനെ ചലിച്ചുകൊണ്ടിരുന്നു! അവന്‍ ചാടി എണീറ്റ് നിന്നുകുരച്ചു.
കാറുകയറി സൂര്യന്‍ മറഞ്ഞു. നാടെല്ലാം ഇരുണ്ടു കാറ്റ് അലകളെ ഇളക്കി. ജലപ്പരപ്പിക്കൂടി ജന്തുക്കളുടെ ശവശരീരങ്ങള്‍ ഒഴുകിപ്പോകുന്നു; ഓളത്തില്‍ ഇളകി കുതിച്ചൊഴുകുന്നു. സ്വച്ഛന്ദം അവ എങ്ങും സഞ്ചരിക്കുന്നു. ഭയപ്പെടാതെ നടക്കുന്നു. അതിനെയെല്ലാം അവന്‍ കൊതിയോടെ നോക്കി. നമ്മുടെ നായ മുറുമുത്തു. അങ്ങകലെ ഒരു ചെറുവള്ളം ദ്രുതഗതിയില്‍ പോകുന്നു. അവന്‍ എഴുന്നേറ്റുനിന്നു വാലാട്ടി, ആ വഞ്ചിയുടെ ഗതിയെ സൂക്ഷിച്ചു. അതങ്ങു തൈക്കൂട്ടത്തില്‍ മറഞ്ഞു.
മഴ ചാറിത്തുടങ്ങി, പിന്‍കാലുകള്‍ മടക്കി മുന്‍കാലുകള്‍ നിലത്തൂന്നി കുത്തിയിരുന്ന് ആ നായ നാലുപാടും നോക്കി. അവന്റെ കണ്ണുകളില്‍, ആരെയും കരയിക്കുന്ന നിസഹായസ്ഥിതി പ്രതിഫലിച്ചിരുന്നു.
മഴ തോര്‍ന്നു. വടക്കേവീട്ടില്‍നിന്ന് ഒരു ചെറുവള്ളം വന്ന് ഒരു തെങ്ങിന്‍ചുവട്ടില്‍ അടുത്തു. നമ്മുടെ നായ വാലാട്ടി കോട്ടുവാവിട്ടു മുറുമുറുത്തു. വള്ളക്കാരന്‍ തെങ്ങില്‍ കയറി കരിക്കടര്‍ത്തിക്കൊണ്ടു താഴത്തിറങ്ങി. അയാള്‍ വള്ളത്തില്‍വച്ചുതന്നെ കരിക്കു തുളച്ചു കുടിച്ചിട്ടു തുഴയെടുത്തു തുഴഞ്ഞങ്ങുപോയി. അകലെയുള്ള വൃക്ഷക്കൊമ്പില്‍നിന്ന് ഒരു കാകന്‍ പറന്നുവന്ന്, ഒരൂക്കന്‍ പോത്തിന്റെ അഴുകിയൊഴുകുന്ന ശരീരത്തില്‍ വീണു. ചേന്നന്റെ പട്ടി കൊതിയോടെ കുരയ്ക്കവേ, കാക്ക ആരെയും കൂസാതെ മാംസം കൊത്തിവലിച്ചുതിന്നു. തൃപ്തിയായി; അതു പറന്നങ്ങുപോയി.
ഒരു പച്ചക്കിളി പുരയ്ക്കടുത്തു നില്‍ക്കുന്ന വാഴയിലയില്‍ വന്നിരുന്നു ചിലച്ചു. പട്ടി, അസ്വസ്ഥനായി കുരച്ചു. ആ പക്ഷിയും പറന്നുപോയി. മലവെള്ളത്തില്‍പ്പെട്ട് ഒഴുകിവരുന്ന ഒരു എറുമ്പിന്‍കൂട് ആ പുരപ്പുറത്തടിഞ്ഞു. അവ രക്ഷപ്പെട്ടു. ഭോജ്യസാധനമെന്നു നണ്ണിയാവാം നമ്മുടെ നായ അവയ്ക്കുമ്മകൊടുത്തു. ചീറ്റിത്തുമ്മി അതിന്റെ മൃദുലമായ മോന്ത ചുമന്നു തടിച്ചു.
ഉച്ചതിരിഞ്ഞ് ഒരു ചെറുവള്ളത്തില്‍ രണ്ടുപേര്‍ ആ വഴി വന്നു. പട്ടി നന്ദിയോടെ കുരച്ചു. വാലാട്ടി. എന്തൊക്കെയോ മനുഷ്യഭാഷയോട് അടുപ്പമുള്ള ഭാഷയില്‍ പറഞ്ഞു. അതു ജലത്തില്‍ ഇറങ്ങി വള്ളത്തില്‍ ചാടാന്‍ തയാറായി നിന്നു. 'തേ! ഒരു പട്ടി നില്‍ക്കുന്നു,' ഒരുവന്‍ പറഞ്ഞു. അയാളുടെ അനുകമ്പ മനസിലായെന്നപോലെ, നന്ദിസൂചകമായി അതൊന്നു മോങ്ങി. 'അവിടിരിക്കട്ടെ,' മറ്റെയാള്‍ പറഞ്ഞു. എന്തോ നുണഞ്ഞിറക്കും പോലെ, അതു വായ് പൊളിച്ചടച്ചു ശബ്ദിച്ചു; പ്രാര്‍ഥിച്ചു. അതു രണ്ടു പ്രാവശ്യം ചാടാന്‍ ആഞ്ഞു.
വള്ളം അങ്ങകലെയായി. ഒന്നുകൂടെ പട്ടി മോങ്ങി. വള്ളക്കാരില്‍ ഒരുവന്‍ തിരിഞ്ഞുനോക്കി.
'അയ്യോ!'
അതു വള്ളക്കാരന്‍ വിളിച്ചതല്ല. ആ ശ്വാനന്റെ ശബ്ദമായിരുന്നു.
'അയ്യോ!'
പരിക്ഷീണിതവും ഹൃദയസ്പര്‍ശിയുമായ ആ ദീനരോദനം അങ്ങു കാറ്റില്‍ ലയിച്ചു. വീണ്ടും അലകളുടെ ഒടുങ്ങാത്ത ശബ്ദം. ആരും പിന്നീടു തിരിഞ്ഞുനോക്കിയില്ല. ആ നിലയ്ക്കു പട്ടി വള്ളം മറയുംവരെ നിന്നു. ലോകത്തോടന്ത്യയാത്ര പറയുംപോലെ മുറുമുറുത്തുകൊണ്ടതു പുരപ്പുറത്തു കയറി. ഇനി ഒരിക്കലും മനുഷ്യനെ സ്‌നേഹിക്കുകയില്ല എന്ന് അതു പറയുകയാവാം.

കുറെ പച്ചവെള്ളം നക്കിക്കുടിച്ചു. ആ സാധുമൃഗം മുകളില്‍ക്കൂടി പറന്നുപോകുന്ന പറവകളെ നോക്കി. അലകളില്‍ക്കൂടി ഇളകിക്കളിച്ച് ഒരു നീര്‍ക്കോലി പാഞ്ഞടുത്തു. നായ ചാടി പുരപ്പുറത്തു കയറി. ചേന്നനും കുടുംബവും പുറത്തിറങ്ങിയ പഴുതില്‍ക്കൂടി ആ നീര്‍ക്കോലി അകത്തേക്കിഴഞ്ഞു. പട്ടി ആ ദ്വാരത്തില്‍ക്കൂടി അകത്തേക്കെത്തിനോക്കി. ക്രൂരനായിത്തീര്‍ന്ന അതു കുരച്ചുതുടങ്ങി. പിന്നീടും നായ പിറുപിറുത്തു. ജീവഭയവും വിശപ്പും അതില്‍ നിറഞ്ഞിരുന്നു. ഏതു ഭാഷക്കാരനും ഏതു ചൊവ്വാഗ്രഹവാസിക്കും ആശയം മനസിലാകും. അത്ര സര്‍വവിധിതമായ ഭാഷ.
രാത്രിയായി. ഭയങ്കരമായ കൊടുങ്കാറ്റും മഴയും തുടങ്ങി. മേല്‍ക്കൂര അലയടിയേറ്റ് ആടിയുലയുന്നു. രണ്ടുപ്രാവശ്യം ആ നായ ഉരുണ്ടു താഴത്തു വീഴാന്‍ തുടങ്ങി. ഒരു നീണ്ട തല ജലത്തിനുമീതെ ഉയര്‍ന്നു. അതൊരു മുതലയാണ്. പട്ടി പ്രാണവേദനയോടെ കുരയ്ക്കാന്‍ തുടങ്ങി. അടുത്തു കോഴികള്‍ കൂട്ടംകരയുന്ന ശബ്ദം കേള്‍ക്കാനായി.
'പട്ടി എവിടെയാ കുരയ്ക്കുന്നെ? ഇവിടുന്ന് ആള്‍ മാറിയില്ലേ?' പടറ്റിവാഴയുടെ ചുവട്ടില്‍ വയ്‌ക്കോല്‍, തേങ്ങ, വാഴക്കുല ഇവകൊണ്ടു നിറഞ്ഞ ഒരു വള്ളമടുത്തു. പട്ടി വള്ളക്കാരുടെനേരെ തിരിഞ്ഞുനിന്നു കുര തുടങ്ങി. കോപിഷ്ഠനായി വാല്‍ ഉയര്‍ത്തിക്കൊണ്ടു ജലത്തിനരികെ നിന്നു കുരച്ചുതുടങ്ങി. വള്ളക്കാരില്‍ ഒരുവന്‍ വാഴയില്‍ കയറി.
'കൂവേ, പട്ടി ചാടുമെന്നാ തോന്നുന്നേ!'
പട്ടി മുന്നോട്ട് ഒരു ചാട്ടം ചാടി. വാഴയില്‍ കയറിയവന്‍ ഉരുണ്ടുപിടിച്ചു വെള്ളത്തില്‍ വീണു. മറ്റെയാള്‍ അവനെപ്പിടിച്ചു വള്ളത്തില്‍ കയറ്റി. പട്ടി ഈ സമയംകൊണ്ടു നീന്തി പുരപ്പുറത്തെത്തി ശരീരം കുടഞ്ഞു കോപിഷ്ഠനായി കുര തുടര്‍ന്നു.
കള്ളന്മാര്‍ കുലയെല്ലാം വെട്ടി. 'നിനക്കു വച്ചിരിക്കുന്നെടാ', തൊണ്ട തകരുമാറു കുരയ്ക്കുന്ന പട്ടിയോടവര്‍ പറഞ്ഞു. പിന്നീടവര്‍ വയ്‌ക്കോല്‍ മുഴുവന്‍ വള്ളത്തില്‍ കയറ്റി. അവസാനത്തില്‍ ഒരുവന്‍ പുരപ്പുറത്തേക്കു കയറി. അവന്റെ കാലില്‍ പട്ടി കടിയും കൂടി. ഒരു വാ നിറയെ മാംസം ആ പട്ടിക്കു കിട്ടി. അയാള്‍ 'അയ്യോ' എന്നു കരഞ്ഞുകൊണ്ടു ചാടി വള്ളത്തില്‍ക്കയറി. വള്ളത്തില്‍നിന്ന ആള്‍ കഴുക്കോലുവച്ചു പട്ടിയുടെ പള്ളയ്‌ക്കൊരടിയടിച്ചു. 'മ്യാവൂ! മ്യാവൂ! മ്യാവൂ!' സ്വരം ക്രമേണ താണു വെറും അശക്തമായ മൂളലില്‍ പര്യവസാനിച്ചു. പട്ടിക്കടിയേറ്റയാള്‍ വള്ളത്തില്‍ക്കിടന്നു കരഞ്ഞു. 'മിണ്ടാതിരിയെടാ. വല്ലോരും' എന്നു മറ്റെയാള്‍ സമാധാനം പറഞ്ഞു. അവര്‍ അങ്ങുപോയി.
ഒട്ടധികനേരം കഴിഞ്ഞു പട്ടി വള്ളംപോയ സ്ഥലംനോക്കി ഉഗ്രമായിക്കുരച്ചു.
പാതിരയോടടുത്തു. ഒരു വലിയ ചത്ത പശു ഒഴുകിവന്നു. പുരയില്‍ അടിഞ്ഞു. പട്ടി മുകളെടുപ്പില്‍നിന്ന് അതു നോക്കിനില്‍ക്കയാണ്. താഴത്തേക്കിറങ്ങിയില്ല. ആ ശവശരീരം മന്ദംമന്ദം മാറുന്നു. പട്ടി മുറുമുറുത്തു, ഓല മാന്തിക്കീറി, വാലാട്ടി. പിടികിട്ടാത്തമട്ടില്‍ അല്‍പം അകലാന്‍ അതു തുടങ്ങവേ, പതുക്കെപ്പതുക്കെ പട്ടി താഴേക്കിറങ്ങി കടിയിട്ടു വലിച്ചടുപ്പിച്ചു തൃപ്തിയോടെ തിന്നുതുടങ്ങി. കൊടിയ വിശപ്പിനു വേണ്ടുവോളം ആഹാരം!
'ഠേ' ഒരടി! പട്ടിയെ കാണ്മാനില്ല. ഒന്നു കുതിച്ചുതാണിട്ടു പശു അങ്ങകന്ന് ഒഴുകിപ്പോയി. അപ്പോള്‍മുതല്‍ കൊടുങ്കാറ്റിന്റലര്‍ച്ചയും തവളകളുടെ തുടിപ്പും അലയുടെ ശബ്ദവും അല്ലാതൊന്നും കേള്‍പ്പാനില്ല. അവിടമൊക്കെ നിശബ്ദം! ഹൃദയമുള്ള വീട്ടുകാവല്‍ക്കാരന്‍ പട്ടിയുടെ നിസഹായസ്ഥിതി വെളിപ്പെടുന്ന മോങ്ങല്‍ പിന്നീടു കേട്ടിട്ടില്ല! അഴുകിച്ചീഞ്ഞ ശവശരീരങ്ങള്‍ ആ ജലപ്പരപ്പില്‍ അവിടവിടെ ഒഴുകിപ്പോയി. കാക്ക ചിലതിലിരുന്നു കൊത്തിത്തിന്നുന്നുമുണ്ട്. അതിന്റെ സൈ്വര്യതയെ ഒരു ശബ്ദവും ഭഞ്ജിച്ചില്ല! കള്ളന്മാര്‍ക്കും അവരുടെ വൃത്തിക്കും വിഘാതമുണ്ടായില്ല! എല്ലാം ശൂന്യം.
അല്‍പസമയം കഴിഞ്ഞപ്പോള്‍ ആ കുടില്‍ നിലത്തുവീണു; വെള്ളത്തിലാണ്ടു. അനന്തമായ ആ ജലപ്പരപ്പില്‍ ഒന്നും ഉയര്‍ന്നുകാണ്മാനില്ല. യജമാനന്റെ ഗൃഹത്തെ മരണംവരെ ആ സ്വാമിഭക്തിയുള്ള മൃഗം കാത്തു. അവന്‍ പോയി. അവനുവേണ്ടിയെന്നോണം ആ കുടില്‍ അവനെ മുതല പിടിക്കുന്നതുവരെ ജലത്തിനുമീതെ ഉയര്‍ന്നുനിന്നു. അതു താണു, പൂര്‍ണമായി ജലത്തില്‍ താണു.
വെള്ളമിറക്കം തുടങ്ങി ചേന്നന്‍ നീന്തിത്തുടിച്ചു പട്ടിയെ അന്വേഷിച്ചു കൊട്ടിലിലേക്കു വരികയാണ്. ഒരു തെങ്ങിന്‍ചുവട്ടില്‍ പട്ടിയുടെ ശവശരീരം അടിഞ്ഞുകിടക്കുന്നു. ഓളങ്ങള്‍ അതിനെ മെല്ലെ ചലിപ്പിക്കുന്നുണ്ട്. പെരുവിരല്‍കൊണ്ടു ചേന്നന്‍ അതിനെ തിരിച്ചും മറിച്ചും ഇട്ടുനോക്കി. അതവന്റെ പട്ടിയാണെന്നു സംശയം തോന്നി. ഒരു ചെവി മുറിഞ്ഞിരിക്കുന്നു. തൊലി അഴുകിപ്പോയിരുന്നതിനാല്‍ നിറം എന്തെന്നറിഞ്ഞുകൂടാ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago