ഇന്ത്യക്കിനി വിന്‍ഡീസ് ടെസ്റ്റ്
ആന്റിഗ്വ: ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം. ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയമാണ് ആദ്യ ടെസ്റ്റിന്റെ വേദി. മികവുറ്റ ടീമുമായാണ് ഇന്ത്യ വിന്‍ഡീസിലെത്തിയിരിക്കുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലി നയിക്കുന്ന ടീമിനു കരുത്തുറ്റ ബാറ്റിങ് നിരയുണ്ട്. പരമ്പര സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് ടെസ്റ്റ് റാങ്കിങില്‍ നില മെച്ചപ്പെടുത്താം. അതോടൊപ്പം ടീം കോച്ചെന്ന നിലയില്‍ അനില്‍ കുംബ്ലെയുടെ ആദ്യ പരീക്ഷണ വേദിയാണ് വിന്‍ഡീസിലേത്. അതേസമയം ടീം സെലക്ഷന്‍ കോഹ്‌ലിക്കും കുംബ്ലെയ്ക്കും വെല്ലുവിളിയായി നില്‍ക്കുന്നു. ഏഴു ബാറ്റ്‌സ്മാന്‍മാരും നാലു ബൗളര്‍മാരുമെന്ന ഫോര്‍മേഷനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. വിന്‍ഡീസ് പിച്ചുകളെ കുറിച്ച് ബൗളര്‍മാര്‍ക്ക് കൂടുതല്‍ പഠിക്കുന്നതിനായി അഞ്ചു ബൗളര്‍മാരെ ടീമിലുള്‍പ്പെടുത്തണമെന്നു കുംബ്ലെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്തിമ ഇലവന്റെ കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.
ഓപണിങില്‍ ശിഖര്‍ ധവാന്‍ വേണോ അതോ ലോകേഷ് രാഹുല്‍ മതിയോ എന്നതാണ് മറ്റൊരു പ്രശ്‌നം. ടീമിലെ സീനിയര്‍ താരമായ ധവാനെ തഴഞ്ഞ് രാഹുലിനെ ടീമിലെടുക്കുന്നതില്‍ കോഹ്‌ലിക്ക് യോജിപ്പില്ലെന്ന് അഭ്യൂഹമുണ്ട്. രണ്ടു സന്നാഹ മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ മികച്ച ഫോമിലാണ്. അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, മുരളി വിജയ്, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ഏറെ കുറെ ഉറപ്പാണ്. ഓപണിങില്‍ വിജയ്‌ക്കൊപ്പം രോഹിത് ശര്‍മ കളിക്കാനും സാധ്യതയുണ്ട്. ആന്റിഗ്വയിലെ പിച്ച് വേഗം കുറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ മൂന്നു സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ കോഹ്‌ലിക്ക് തീരുമാനമെടുക്കേണ്ടി വരും. അമിത് മിശ്ര, രവീന്ദ്ര ജഡേജ, എന്നിവര്‍ അശ്വിനൊപ്പം ടീമില്‍ ഇടം പിടിച്ചേക്കും. രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ജഡേജ പുറത്തിരിക്കേണ്ടി വരും. പേസ് ബൗളിങില്‍ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, എന്നിവര്‍ കളിക്കും. പ്രത്യേക ഓള്‍ റൗണ്ടറെന്ന പരിഗണന ലഭിച്ചാല്‍ സ്റ്റുവര്‍ട്ട് ബിന്നി ടീമില്‍ കാണും.
വ്യത്യസ്ത കോച്ചിങ് രീതികളാണ് ചുമതയേറ്റെടുത്ത ശേഷം കുംബ്ലെ ടീമിനകത്ത് നടപ്പിലാക്കിയത്. ബാറ്റ്‌സമാന്‍മാരുടെ ഏകാഗ്രത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്താകാതെ ഒരു മണിക്കൂര്‍ ബാറ്റു ചെയുക എന്നതായിരുന്നു ആദ്യത്തെ രീതി. എന്നാല്‍ സന്നാഹ മത്സരത്തില്‍ ഇത് വേണ്ടത്ര പ്രകടമായിട്ടില്ല. ഫോമിലുള്ള കളിക്കാര്‍ മാത്രമാണ് സന്നാഹത്തിലും മികവ് പ്രകടിപ്പിച്ചത്. ടീമിനകത്ത് നടപ്പിലാക്കിയ അച്ചടക്ക സമിതി കുറച്ചു പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയെങ്കിലും ബിയര്‍ വിവാദത്തില്‍ ആ പൊലിമ നഷ്ടപ്പെടുകയും ചെയ്തു. ജോണ്‍ റൈറ്റിന്റെ കാലത്തുള്ള പരിശീലന രീതികളാണ് കുംബ്ലെയുടേതെന്നും പുതിയതില്ലെന്നും വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ വിന്‍ഡീസിലെ ടീം ഇന്ത്യയുടെ പ്രകടനം എല്ലാത്തിനും മറുപടി നല്‍കുമെന്നാണ് കുംബ്ലെയുടെ വാദം.
താരതമ്യേന യുവ നിരയുമായിട്ടാണ് ആതിഥേയരായ വിന്‍ഡീസ് ടീം ആദ്യ ടെസ്റ്റിനിറങ്ങുന്നത്. പ്രമുഖ താരങ്ങളായ ക്രിസ് ഗെയ്ല്‍, ദിനേഷ് രാംദിന്‍, ഡ്വെയ്ന്‍ ബ്രാവോ, ഡാരന്‍ സമ്മി എന്നിവരെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല. മര്‍ലോണ്‍ സാമുവല്‍സ്, ഡാരന്‍ ബ്രാവോ എന്നിവരാണ് ടീമിലെ പരിചയ സമ്പന്നര്‍. എന്നാല്‍ ചരിത്രം വിന്‍ഡീസിന് എതിരാണ്. 2002നു ശേഷം ഇന്ത്യയെ ടെസ്റ്റില്‍ പരാജയപ്പെടുത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചിട്ടില്ല. 15 മത്സരങ്ങള്‍ കളിച്ചപ്പോള്‍ എട്ടെണ്ണത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഏഴെണ്ണം സമനിലയായിരുന്നു.
സമീപകാല പ്രകടനം വിലയിരുത്തിയാല്‍ ദുര്‍ബലമായ ടീമാണ് വിന്‍ഡീസിന്റേത്. എന്നാല്‍ സന്നാഹ മത്സരത്തില്‍ മികവു പുലര്‍ത്തിയ താരങ്ങള്‍ ടീമിനെ മുന്നോട്ടു നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നായകന്‍ ജേസന്‍ ഹോള്‍ഡര്‍ പറഞ്ഞു. ലിയോണ്‍ ജോണ്‍സനാണ് ഓപണിങില്‍ പുതിയതായി ഇടംകണ്ട താരം. 2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ വിന്‍ഡീസ് ടീമിനെ നയിച്ചത് ജോണ്‍സനായിരുന്നു. 2014ല്‍ ബംഗ്ലാദേശിനെതിരേ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജോണ്‍സന്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു. ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്താന്‍ ശേഷിയുള്ള താരമാണ് ജോണ്‍സന്‍.
ഡാരന്‍ ബ്രാവോ ജോണ്‍സനൊപ്പം ഇന്നിങ്‌സ് ഓപണ്‍ ചെയ്‌തേക്കും. ജെര്‍മെയ്ന്‍ ബ്ലാക് വുഡ്, ഷെയ്ന്‍ ഡോവ്‌റിച്ച്, കാര്‍ലോസ് ബ്രാത്ത്‌വൈറ്റ്, ദേവേന്ദ്ര ബിഷൂ, മിഗ്വയേല്‍ കമ്മിന്‍സ്, ഷാനോന്‍ ഗബ്രിയേല്‍ എന്നിവരാണ് വിന്‍ഡീസ് ടീമിലെ കരുത്തര്‍. സ്പിന്നിന് മുന്‍തൂക്കം നല്‍കുന്ന ടീമിനെ കളിത്തിലിറക്കുമെന്ന് വിന്‍ഡീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബാറ്റിങ് നിര ആശങ്കയുണര്‍ത്തുന്നതാണ്. മര്‍ലോണ്‍ സാമുവല്‍സിന്റെ ഫോം നിര്‍ണായകമാവും, അവസാന 10 ഹോം മത്സരങ്ങളില്‍ നാലു ജയം മാത്രമാണ് വിന്‍ഡീസിന് നേടാനായത്. മൊത്തത്തില്‍ 35 മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു വിന്‍ഡീസിന്റെ ഈ നാലു ജയങ്ങളും പിറന്നത്. ടീമിന്റെ ബാറ്റിങ് ദുര്‍ബലത വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
എന്നാല്‍ ബൗളിങില്‍ വിന്‍ഡീസ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിലൂടെ ടീമിലെത്തിയ മിഗ്വയേല്‍ കമ്മിന്‍സും റോസ്റ്റന്‍ ചേസുമാണ് ടീമിന്റെ ബൗളിങ് പ്രതീക്ഷ. സീസണില്‍ കമ്മിന്‍സ് 33 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ചേസ് 23 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ബാറ്റ്‌സ്മാന്‍മാന്‍ കൂടിയാണ് താരം. മികവുറ്റ ബാറ്റിങിലൂടെ ഇന്ത്യയുടെ സ്പിന്‍ ബൗളിങിനെ തളര്‍ത്തുമെന്ന് ബ്രാത്ത്‌വൈറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."