റാങ്കുകളുടെ തോഴനെതേടി വീണ്ടും നേട്ടമെത്തി
തിരുവനന്തപുരം: എസ്.എസ്.എല്‍.സി മുതല്‍ സിവില്‍ സര്‍വിസ് വരെയുള്ള പരീക്ഷകളില്‍ ഒന്നാംറാങ്ക് നേടി തലമുറകള്‍ക്ക് പ്രചോദനമായി മാറിയ രാജുനാരായണ സ്വാമിക്ക് വീണ്ടും ഒന്നാം റാങ്ക്.
ബംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ പി.ജി.ഡിപ്ലോമാ കോഴ്‌സിലാണ് ഇത്തവണ റാങ്ക്. 700ല്‍ 620 മാര്‍ക്കാണ് സ്വാമിയുടെ ഒന്നാംറാങ്ക് നേട്ടം. അടുത്ത മാസം ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാലയുടെ വിസിറ്ററായ രാഷ്ട്രപതി പ്രണബ്മുഖര്‍ജി സ്വാമിക്ക് ബിരുദം നല്‍കും.
അക്കാദമിക് രംഗത്തെന്ന പോലെ ഭരണരംഗത്തും മികവുതെളിയിച്ച രാജുനാരായണസ്വാമി ഇപ്പോള്‍ കൃഷി വകുപ്പ് സെക്രട്ടറിയാണ്.
എഴുതിയ പരീക്ഷകളെല്ലാം ഒന്നാം റാങ്കോടെ വിജയിച്ചതാണ് സ്വാമിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്.
ചങ്ങനാശേരി സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ പഠിച്ച് 1983ല്‍ എസ്.എസ്.എല്‍.സിയില്‍ ഒന്നാംറാങ്കുനേടി. 1985ല്‍ എസ്.ബി കോളേജില്‍ നിന്ന് പ്രീഡിഗ്രിക്കും ഒന്നാംറാങ്ക്. ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്കിനും ഒന്നാംറാങ്ക്. എം.ടെക്ക് പ്രവേശനത്തിനുള്ള ഗേറ്റ് പരീക്ഷയിലും ഒന്നാംറാങ്ക്. 1991ല്‍ സിവില്‍സര്‍വിസ് പരീക്ഷയിലും ഒന്നാംറാങ്കോടെ വിജയം. ഉന്നതപഠനത്തിന് അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ സ്‌കോളര്‍ഷിപ്പ് നിരസിച്ച് സിവില്‍സര്‍വിസില്‍ ചേര്‍ന്നു. പിന്നീട് രണ്ട് പി.എച്ച്.ഡി നേടി.
പഠനത്തിനും ഭരണത്തിനുമൊപ്പം എഴുത്തിലും മികവ് പുലര്‍ത്തുന്ന സ്വാമി ഇതിനകം 23 പുസ്തകങ്ങളെഴുതിയിട്ടുണ്ട്. എഴുത്തിന്റെ വഴിയില്‍ സാഹിത്യഅക്കാദമി അവാര്‍ഡും പ്രശസ്തമായ ഹോമിഭാഭാ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."