ദാവൂദ് ഇബ്‌റാഹിം കറാച്ചിയില്‍ ഉണ്ടെന്ന് സമ്മതിച്ച് പാകിസ്താന്‍; സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി
കറാച്ചി: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്‌റാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്താന്‍. 257 പേര്‍ കൊല്ലപ്പെട്ട 1993ലെ മുംബൈ സ്‌ഫോടന പരമ്പരയിലുള്‍പ്പെടെ പങ്കുണ്ടെന്ന് ഇന്ത്യ കരുതുന്ന ദാവൂദ് രാജ്യത്തുണ്ടെന്ന് ആദ്യമായാണ് പാക് സര്‍ക്കാര്‍ സമ്മതിക്കുന്നത്. വൈറ്റ് ഹൗസ്, സഊദി പള്ളിക്കു സമീപം, ക്ലിഫ്റ്റന്‍, കറാച്ചി എന്നതാണ് ദാവൂദിന്റെ നിലവിലെ വിലാസമെന്ന് പാക് അധികൃതര്‍ പറയുന്നു. വേറെ മൂന്ന് വീടുകള്‍ കൂടി കറാച്ചിയില്‍ ദാവൂദിനുണ്ട്. ദാവൂദ് കറാച്ചിയിലുണ്ടെന്നതിന് തെളിവുണ്ടെന്ന് ഇന്ത്യ പറഞ്ഞെങ്കിലും ഇതുവരെ പാകിസ്താന്‍ അംഗീകരിച്ചിരുന്നില്ല.
ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സംഘടനകള്‍ക്കെതിരേ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 88 നിരോധിത സംഘടനകളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് ദാവൂദ് രാജ്യത്തുള്ള കാര്യം പാകിസ്താന്‍ വെളിപ്പെടുത്തിയത്.
ഹാഫിസ് സഈദ്, മസ്ഊദ് അസ്ഹര്‍, ദാവൂദ് ഇബ്‌റാഹിം എന്നിവരുള്‍പ്പെടെ ഭീകരസംഘടനകള്‍ക്കും നേതാക്കള്‍ക്കുമെതിരേ പാക് സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതായാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ഭീകരതയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നില്ലെന്നാരോപിച്ച് പാരിസ് ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പാകിസ്താനെ 2018ല്‍ ഗ്രേ പട്ടികയില്‍ പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ 2019 അവസാനത്തോടെ ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനുള്ള അന്തിമ തീയതി പിന്നീട് നീട്ടിനല്‍കുകയായിരുന്നു.
മുംബൈ ആക്രമണത്തിനു പിന്നിലെ സൂത്രധാരനെന്നു കരുതുന്ന ജമാഅത്തുദ്ദഅ്‌വ തലവന്‍ ഹാഫിസ് സഈദ്, ജയ്‌ഷെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹര്‍, അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹിം എന്നിവര്‍ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ ഈമാസം 18ന് രണ്ട് വിജ്ഞാപനങ്ങളാണ് പാക് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
മുംബൈ സ്‌ഫോടനങ്ങള്‍ക്കു പുറമെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനും പണമിടപാടു കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടയാളുമാണ് ദാവൂദ് ഇബ്‌റാഹിം. അല്‍ഖാഇദ, ലഷ്‌കറെ ത്വയ്യിബ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് ദാവൂദ് സാമ്പത്തിക സഹായം നല്‍കുന്നതായി ഇന്ത്യയും യു.എസും ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."