'ചൗക്കിദാര്‍ ചോര്‍ ഹെ': രാഹുലിന് സുപ്രിംകോടതി നോട്ടിസ്
ആരാണ് ചൗക്കിദാറെന്ന് കോടതി, മോദിയെന്ന് അഭിഭാഷകന്‍
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട 'ചൗക്കിദാര്‍ ചോര്‍ഹെ' കോടതിയലക്ഷ്യക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിംകോടതി നോട്ടിസ് അയച്ചു. തുടര്‍ന്ന് പുനപ്പരിശോധനാ ഹരജികള്‍ക്കൊപ്പം കോടതിയലക്ഷ്യ ഹരജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ കഴിഞ്ഞ ദിവസം രാഹുല്‍ മറുപടി നല്‍കിയിരുന്നെങ്കിലും രാഹുലിന് കോടതി ഔദ്യോഗികമായി നോട്ടിസ് അയച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നോട്ടിസ് അയച്ചത്.
രാഹുല്‍ ഗാന്ധി നല്‍കിയ മറുപടിയില്‍ മാപ്പപേക്ഷയില്ലെന്ന് മീനാക്ഷി ലേഖിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തകി പറഞ്ഞു. ബ്രാക്കറ്റില്‍ ഖേദം എന്ന പദം അധരവ്യായാമം പോലെ പ്രയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. ആറാം പേജിലെ ഖേദം ആദ്യപേജിലാണ് വരേണ്ടിയിരുന്നത്. എങ്ങനെയാണ് ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ തലവന് ഇത്തരത്തിലൊരു മറുപടി നല്‍കാന്‍ കഴിയുകയെന്നും മുകള്‍ റോഹ്തകി ചോദിച്ചു. ഇതിനിടെ, ആരാണ് ചൗകിദാറെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വയനാട്ടിലും അമേത്തിയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളില്‍ ചൗക്കിദാര്‍ ചോര്‍ എന്ന് സുപ്രിംകോടതി പറഞ്ഞുവെന്നും മോദിയാണ് ചൗക്കിദാറെന്നും രോഹ്തകി പറഞ്ഞു.
ചൗക്കിദാര്‍ ചോര്‍ ആണെന്ന് സുപ്രിംകോടതി അഭിപ്രായപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍, താന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചതായും രാഹുലിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനു സിങ് വി പറഞ്ഞു. എന്നാല്‍ ഈ രാഷ്ട്രീയ മുദ്രാവാക്യത്തില്‍ ഉറച്ചു നില്‍ക്കുന്നു.
അത് കോടതി പറഞ്ഞതായി പറഞ്ഞതില്‍ മാത്രമാണ് ഖേദിക്കുന്നത്. റാഫേല്‍ കേസില്‍ സുപ്രിംകോടതി തനിക്ക് ക്ലീന്‍ചിറ്റ് നല്‍കിയെന്ന് നരേന്ദ്ര മോദി കോടതി വിധിയെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്നും സിങ്‌വി ചൂണ്ടിക്കാട്ടി. ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശത്തെ രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരേ ദുരുപയോഗം ചെയ്തതാണെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ രാഹുല്‍ മറുപടി നല്‍കിയിരുന്നു.
ചൗക്കിദാര്‍ ചോര്‍ ഹെ എന്നത് കേസിലെ എതിര്‍കക്ഷി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിക്കെതിരായ തന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമാണ്. റാഫേല്‍ കരാറില്‍ തന്റെ അധികാരമുപയോഗിച്ച് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയെന്നും അഴിമതി കാട്ടിയെന്നും അത് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. താന്‍ സംസാരിക്കുന്നതിനിടെ തന്റെ രാഷ്ട്രീയ മുദ്രാവാക്യവും കോടതി നടപടികളെക്കുറിച്ചുള്ള പരാമര്‍ശവും ഒന്നിച്ചു വന്നത് ഖേദകരമാണ്. കോടതിയെ രാഷ്ട്രീയ പോര്‍ക്കളത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. കോടതിയെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും രാഹുല്‍ മറുപടിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."