സ്രവ പരിശോധനയില്‍ സ്വകാര്യ ലാബ് നല്‍കിയത് തെറ്റായ ഫലമെന്ന്; സംവിധായകന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കോട്ടയം: കൊവിഡ് പരിശോധനയില്‍ സ്വകാര്യ ലാബ് പോസിറ്റീവാണെന്ന തെറ്റായ ഫലം നല്‍കിയെന്ന പരാതിയുമായി സിനിമാ സംവിധായകന്‍. കോട്ടയത്തെ മെഡിവിഷന്‍ ലാബിനെതിരേയാണ് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കലക്ടര്‍, സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സി.സി.പി.എ) എന്നിവര്‍ക്ക് സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ് പരാതി നല്‍കിയത്.
സുഹൃത്തിന് കൊവിഡ് ബാധിച്ചതോടെ 16 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ജോണ്‍പോള്‍. ഇതിനുശേഷവും തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ജോണ്‍പോള്‍ പറയുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ കൊവിഡ് പരിശോധനയ്ക്ക് അംഗീകാരം നല്‍കിയിട്ടുള്ള മെഡിവിഷന്‍ ലാബില്‍ ആര്‍.ടി- പി.സി.ആര്‍ പരിശോധന നടത്തി. പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന റിപ്പോര്‍ട്ടാണ് ജോണ്‍പോളിന് ലഭിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ എത്തി ജോണ്‍പോളിനെ ചങ്ങനാശ്ശേരിയിലെ കൊവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചു. അടുത്തദിവസം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായെന്ന് ജോണ്‍ പോള്‍ പരാതിയില്‍ പറയുന്നു.
പരിശോധനാഫലം അറിഞ്ഞ ഉടന്‍തന്നെ ജോണ്‍പോള്‍ ഡിസ്ചാര്‍ജ് എഴുതി വാങ്ങി. രോഗമില്ലാതിരുന്ന തനിക്ക് കൊവിഡ് സെന്ററില്‍ കഴിഞ്ഞതിനാല്‍ വീണ്ടും ഹോം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടിവന്നതായി ജോണ്‍പോള്‍ പറഞ്ഞു. അതിനിടെ, മെഡിവിഷന്‍ ലാബ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ തനിക്ക് കൊവിഡ് വന്നിട്ടുണ്ടെന്നും രണ്ട് ദിവസംകൊണ്ട് മാറിയതാവാമെന്നുമായിരുന്നു മറുപടി. ഇത് ശരിയാണോയെന്ന് പരിശോധിക്കാന്‍ വീണ്ടും ആന്റിബോഡി പരിശോധന നടത്തി. പരിശോധനാഫലത്തില്‍ കൊവിഡ് ബാധിച്ചിട്ടില്ലെന്നു മനസിലായി. തനിക്ക് തെറ്റായ കൊവിഡ് പരിശോധനാ ഫലം തന്ന മെഡിവിഷന്‍ ലാബില്‍ കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ 40,000 ലേറെ പരിശോധനകള്‍ നടന്നിട്ടുണ്ട്. തനിക്ക് മാത്രമല്ല കോട്ടയത്തെ നവജാത ശിശു ഉള്‍പ്പെട്ട ഒരു കുടുംബത്തിനും ദുരനുഭവം നേരിട്ടതായി ജോണ്‍പോള്‍ പറഞ്ഞു.
പ്രസവശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം പോസീറ്റീവ് ആയി ലഭിച്ചതോടെ അമ്മയും കുഞ്ഞും നാല് ദിവസം കൊവിഡ് ബാധിതര്‍ക്കൊപ്പം കഴിയേണ്ടി വന്നു. രോഗം ബാധിക്കാന്‍ സാധ്യതയില്ലാത്ത ഇവരുടെ ഫലത്തില്‍ സംശയം തോന്നി ആരോഗ്യവകുപ്പ് വീണ്ടും പരിശോധന നടത്തിയതോടെ കൊവിഡ് ഇല്ലെന്ന് തെളിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."