ശ്രദ്ധിച്ചില്ലേല്‍ കുടുംബമൊന്നാകെ ക്വാറന്റൈനില്‍..!
തിരുവനന്തപുരം: കൊവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് മന്ത്രി കെ.കെ ശൈലജ. ശ്രദ്ധിച്ചില്ലെങ്കില്‍ കുടുംബം ഒന്നാകെ നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥ വരും. ആരില്‍ നിന്നും കൊവിഡ് പകരാം.
'ഈ ഓണം സോപ്പിട്ട് മാസ്ക്കിട്ട് ഗ്യാപ്പിട്ട് ' എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം. എല്ലാവരും മാസ്കുകള്‍ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. കടകളില്‍ സാനിറ്റൈസറോ കൈ കഴുകാനുള്ള സൗകര്യമോ ഒരുക്കണം. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം.
സാധനം വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
വിരുന്നുകാലം
ദുഃഖകാലമായി
മാറരുത്
കൊവിഡ് കാലമായതിനാല്‍ പരമാവധി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകള്‍ ഒഴിവാക്കണം. അഥവാ ആരെങ്കിലും വീട്ടിലെത്തിയാല്‍ മാസ്ക് നിര്‍ബന്ധമാക്കുക. വന്നയുടന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. പ്രായമായവരോട് സ്നേഹ പ്രകടനം കാണിക്കാനായി അവരെ സ്പര്‍ശിക്കുകയോ അടുത്ത് നിന്ന് സംസാരിക്കുകയോ ചെയ്യരുത്. വരുന്നവര്‍ കുട്ടികളെ ലാളിക്കുകയോ വാരിയെടുക്കുകയോ ഉമ്മ നല്‍കുകയോ ചെയ്യരുത്.
ഓണക്കാല രോഗങ്ങളും ശ്രദ്ധിക്കണം
കൊവിഡ് കാലത്ത് ആശുപത്രികളില്‍ പോകാതിരിക്കാന്‍ രോഗങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദി എന്നിവയാണ് ഇക്കാലത്ത് കൂടുതലായി കണ്ടു വരുന്ന രോഗങ്ങള്‍.
വിളമ്പുന്നവരും
കഴിക്കുന്നവരും
അറിയണം
ഓണസദ്യയൊരുക്കുന്നതു മുതല്‍ ശ്രദ്ധിക്കണം. അന്നന്നത്തെ ആവശ്യത്തിനു മാത്രം ഭക്ഷണം തയാറാക്കുക. ഭക്ഷ്യ വസ്തുക്കള്‍ ശുദ്ധജലം കൊണ്ടു നന്നായി കഴുകിയതിന് ശേഷം മാത്രം പാകം ചെയ്യുക. പച്ചക്കറികളിലെ വിഷാംശം കളയുന്നതിനായി വെള്ളത്തില്‍ അല്പം വിനാഗിരി ഒഴിച്ച് നന്നായി കഴുകുക.സദ്യ കഴിക്കുന്നതിന് മുന്‍പ് കൈ നന്നായി സോപ്പിട്ട് കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.
സമൂഹസദ്യ ഒഴിവാക്കണം
സമൂഹസദ്യക്കാരും കാറ്ററിങ്ങുകാരും ഹോട്ടലുകളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. സമൂഹസദ്യകള്‍ പരമാവധി കുറയ്ക്കണം.
അസുഖം വന്നാല്‍
വയറിളക്കം, ഛര്‍ദി, ഓക്കാനം എന്നീ ലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും കണ്ടാല്‍ ആ ഭക്ഷണം കഴിച്ച ബാക്കിയുള്ളവരെല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വയറിളക്കം, ഛര്‍ദി എന്നിവയുണ്ടായാല് വീട്ടില്‍ ലഭ്യമായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നീ പാനീയങ്ങള്‍ ആദ്യപടിയായി നല്‍കാം. ഒ.ആര്.എസ് ലായനി അല്ലെങ്കില്‍ തിളപ്പിച്ചാറ്റിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ ആറ് ടീസ്പൂണ്‍ പഞ്ചസാരയും, ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്തുണ്ടാക്കിയ ലായനി ആവശ്യാനുസരണം കുടിക്കാന്‍ കൊടുക്കുക. കുറവില്ലെങ്കില് ഉടന്‍തന്നെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടണം. ഓണം കഴിഞ്ഞ ശേഷം പനിയോ മറ്റ് കൊവിഡ് ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും കുടുംബം ഒന്നാകെ നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."