ഇ.വി.എം ട്രാക്കിങ്: യോഗം ചേര്‍ന്നു
കോഴിക്കോട്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും അവ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് വേഗത്തില്‍ വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ആവിഷ്കരിച്ച ഇ.വി.എം ട്രാക്കിങ് പദ്ധതിയുടെ ഭാഗമായി കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ട്രാക്കിങ്ങിനായി തയാര്‍ ചെയ്ത പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇ.വി.എം നമ്പര്‍, ബാര്‍കോഡ്, സ്റ്റോക്ക് തുടങ്ങിയ വിവരങ്ങള്‍ കമ്മിഷന്റെ വൈബ്സൈറ്റില്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതാണ് പദ്ധതി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലേക്ക് ജില്ലയില്‍ നിന്ന് 2100 ബാലറ്റ് യൂനിറ്റും 2000 കണ്ട്രോള് യൂനിറ്റും മാറ്റുന്നതിന്റെ മുന്നോടിയായി അവ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂം ജില്ലാ കലക്ടര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തുറന്നു. ദേശീയ വോട്ടര്‍ പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (തെരഞ്ഞെടുപ്പ് ) എന്‍.വി രഘുരാജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ. ചന്ദ്രന് മാസ്റ്റര്‍, ടി.വി ബാലന്, കെ.സി അബു, പി.വി ശിവദാസന്‍, ജോര്‍ജ് എ. മേച്ചേരി, കെ.പി രാജന്, എം.എം കാദിരിക്കോയ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."