ഡോക്ടര്‍മാരില്ല; മെഡിക്കല്‍ കോളജില്‍ ഡിഫ്തീരിയ ചികിത്സ പ്രതിസന്ധിയില്‍
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ഡിഫ്തീരിയ ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നു. നിലവില്‍ ഡോ. ഷീലാ മാത്യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഡിഫ്തീരിയ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജില്‍ നേതൃത്വം നല്‍കുന്നത്. ഇവരോടൊപ്പം രണ്ടു പി.ജി വിദ്യാര്‍ഥികള്‍ മാത്രമാണ് ഡിഫ്തീരിയ ചികിത്സയ്ക്കായുള്ളത്. ദിനംപ്രതി ഡിഫ്തീരിയ രോഗികളും രോഗ നിരീക്ഷകരും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവ് ചികിത്സ പ്രതിസന്ധിയിലാക്കുകയാണ്.
നിലവില്‍ ചാര്‍ജുള്ള ഡോക്ടര്‍മാര്‍ രാവിലെ ജോലിയില്‍ പ്രവേശിച്ചാല്‍ രാത്രി വൈകി വരെ ജോലി ചെയ്യുന്ന അവസ്ഥയാണുള്ളത്. രോഗ-പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടന്നുകൊണ്ടിരിക്കെ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഗൗരവതരമായ വീഴ്ചയാണ് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടാകാന്‍ കാരണമെന്ന് ആരോപണം ശക്തമാണ്. ആദ്യഘട്ടത്തില്‍ ഡിഫ്തീരിയ രോഗികളെ പ്രവേശിപ്പിച്ച വാര്‍ഡിന്റ കാര്യത്തില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് വിമര്‍ശനമുണ്ടായപ്പോള്‍ വാര്‍ഡ് മാറ്റം പതിവു കഴ്ചയായിരുന്നു. തുടര്‍ന്നാണ് ഡിഫ്തീരിയ രോഗികള്‍ക്ക് മാത്രമായി സൂപ്പര്‍ സ്‌പെഷാലിറ്റി വാര്‍ഡ് അനുവദിച്ചത്.
ഡിഫ്തീരിയ പോലുള്ള അതീവ ജാഗ്രത പുലര്‍ത്തേണ്ട രോഗങ്ങള്‍ വരുമ്പോള്‍ മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തേണ്ട സ്ഥാനത്താണ് അധികൃതരുടെ അനാസ്ഥ മെഡിക്കല്‍ കോളജില്‍ തുടര്‍ക്കഥയാകുന്നത്. ഡിഫ്തീരിയ രോഗ-പ്രതിരോധ ചികിത്സയും പ്രതിരോധ നടപടികളും ഊര്‍ജിതമായി നടന്നുകൊണ്ടിരിക്കെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ കുറവ് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."