അസാപ്: യൂനിവേഴ്‌സിറ്റി പാഠ്യപദ്ധതിയില്‍ തൊഴില്‍ നൈപുണ്യവും
മലപ്പുറം: വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കൂടുതല്‍ മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. യൂനിവേസിറ്റി പാഠ്യപദ്ധതിയുമായി സംയോജിപ്പിച്ച് തൊഴില്‍ നൈപുണ്യ പരിശീലനം ആവിഷ്‌കരിക്കാനും കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെയും കോളെജുകളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനും എല്ലാ നിയോജക മണ്ഡലങ്ങളിലും സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ തുടങ്ങാനും ലക്ഷ്യമിടുന്നുണ്ട്.
യൂനിവേസിറ്റി പാഠ്യപദ്ധതിയില്‍ തിരഞ്ഞെടുക്കാവുന്ന വിഷയമായോ (ഇലക്റ്റീവ് സബ്ജക്ട്) കോഴ്‌സിന്റെ ഭാഗമായോ തൊഴില്‍ നൈപുണ്യ പരിശീലനം ഉള്‍പ്പെടുത്തുന്നതോടെ കൂടുതല്‍ പേര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. സാധാരണ ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പോ ശേഷമോ അസാപ് ക്ലാസുകള്‍ തുടങ്ങും. അസാപ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അതതു കോളെജുകള്‍ക്കുണ്ടാവും.
പ്ലസ് വണ്‍ ക്ലാസുകളിലും ഒന്നാം വര്‍ഷ ഡിഗ്രിക്കും പഠിക്കുന്ന കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കാണു പരിശീലനം നല്‍കുന്നത്. 30 വിദ്യാര്‍ഥികള്‍ വീതമുള്ള രണ്ടു ബാച്ചുകള്‍ വരെ ഒരു വിദ്യാലയത്തിലുണ്ടാകും. തൊഴില്‍ നൈപുണ്യം നേടാനുള്ള കുട്ടികളുടെ താത്പര്യം പരിഗണിച്ചാണു തെരഞ്ഞെടുക്കുക. 100 മണിക്കൂര്‍കമ്മ്യൂനിക്കേറ്റീവ് ഇംഗ്ലീഷും 80 മണിക്കൂര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അടിസ്ഥാന വിവരങ്ങളും ചേര്‍ത്തു 180 മണിക്കൂര്‍ ഫൗണ്ടേഷന്‍ മൊഡ്യൂളും തൊഴില്‍ വൈദഗ്ധ്യ കോഴ്‌സിനൊപ്പം പഠിച്ചിരിക്കണം.
സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് അസാപ് നല്‍കും. എ.പി.എല്‍, ജനറല്‍ കാറ്റഗറിയുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് 7500 മുതല്‍10,000 രൂപ വരെ ഫീസുള്ളത്. എസ്.സി, എസ്.റ്റി, ഒ.ബി.സി, ഒ.ഇ.സി, പി.എച്ച് വിഭാഗത്തിലുള്ളവര്‍ക്കു പരിശീലനം സൗജന്യമാണ്. ജനറല്‍ കാറ്റഗറിയിലും ഒരു കോളെജില്‍ ഒരു വിദ്യാര്‍ഥിക്കു സൗജന്യ പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."