ജില്ലയിലെ 12 ആരോഗ്യ ബ്ലോക്കുകളില്‍ ഡിഫ്തീരിയ രോഗ ലക്ഷണം
മലപ്പുറം: തുടക്കത്തില്‍ കൊണ്ടോട്ടി മേഖലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന ഡിഫ്തീരിയ കേസുകള്‍ ജില്ലയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. 15 ആരോഗ്യ ബ്ലോക്കുകളുള്ള ജില്ലയില്‍ 12 സംശയാസ്പദമായതോ സ്ഥിരീകരിച്ചതോ ആയ ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാറഞ്ചേരി, മേലാറ്റൂര്‍, തവനൂര്‍, ചുങ്കത്തറ ബ്ലോക്കുകളിലാണ് ഇതുവരെ ഒരു ഡിഫ്തീരിയ കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്തതായുള്ളത്. വണ്ടൂര്‍, എടവണ്ണ ബ്ലോക്കുകളില്‍ കഴിഞ്ഞ ദിവസമാണ് പുതിയ ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ എട്ട് ആരോഗ്യ ബ്ലോക്കുകളിലുമായിരുന്നു ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്നലെ ജില്ലയില്‍ പുതിയ ഡിഫ്തീരയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജൂണ്‍ മുതല്‍ ഇതുവരെ 57 ഡിഫ്തീരിയ കേസുകള്‍് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ഉമര്‍ ഫാറൂഖ് അറിയിച്ചു. ഇതില്‍ രണ്ടു മരണവും 15 കേസുകള്‍ സ്ഥിരീകരിക്കുകയും ചെയ്തു. പുതുതായി റിപ്പോര്‍ട്ട് ചെയ്ത രണ്ടുപേര്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ടി.ഡി വാക്‌സിന്‍ നല്‍കിയാല്‍ പ്രതിരോധ ശേഷി ആര്‍ജിക്കുന്നതിന് മൂന്നു മുതല്‍ നാല് ആഴ്ചവരെ സമയമെടുക്കുന്നതിനാല്‍ ഇതോടൊപ്പം രോഗപകര്‍ച്ച തടയുന്നതിന് പ്രതിരോധ മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നത് പ്രധാനമാണെന്ന് ഡി.എം.ഒ ഡോ. വി.ഉമര്‍ ഫാറൂഖ് അറിയിച്ചു.
തൊണ്ടവേദനയും പനിയും ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം എറിത്രോമൈസിന്‍ ആന്റി ബയോട്ടിക് ഗുളിക കഴിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവ്വല്‍ ഉപയോഗിച്ച് മുഖം പൊത്തണം. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലേക്ക് തത്കാലം യാത്രകള്‍ കഴിവതും ഒഴിവാക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഡി.എം.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."