ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്കില്‍ ഉപകരണങ്ങള്‍ നിശ്ചലം
ശ്രീകൃഷ്ണപുരം: രണ്ടു വര്‍ഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നിര്‍വഹിച്ച പൊതുമേഖലയിലെ ആദ്യ അമ്യൂസ്‌മെന്റ് പാര്‍ക്കായ ഷെഡ്ഡിന്‍കുന്നിലെ ബാപ്പുജി പാര്‍ക്ക് വിനോദസഞ്ചാരികളെ വഞ്ചിക്കുന്നതായി ആക്ഷേപം.പ്രായഭേദ വ്യത്യാസമില്ലാതെ 25 രൂപ ഫീസ് ഈടാക്കി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ പ്രവേശിക്കുന്നവരെ ആകര്‍ഷിക്കാന്‍ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥ.കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ നിശ്ചലം.
10 കളി ഉപകരണങ്ങളില്‍ 3 എണ്ണം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.പാര്‍ക്ക് തുടങ്ങിയകാലത്തെ ഉപകരണങ്ങളാണ് ഇപ്പോഴുമുള്ളത്.പഴയത് തന്നെ ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ആവശ്യം അപ്രസക്തമാവുന്നു.മുതിര്‍ന്നവര്‍ക്ക് ഊഞ്ഞാല്‍, വായനശാല,വിശ്രമകേന്ദ്രം,ഗാന്ധിപ്രതിമക്ക് ചുറ്റും ജലധാര എന്നിവയൊന്നും സ്ഥാപിച്ചിട്ടില്ല.
ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിന് ഒരുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും യാതൊരുവിധ നടപടിയുമില്ല.ചാര്‍ജ് ചെയ്ത ബാറ്ററിയില്‍ ഓടിക്കാവുന്ന കാര്‍ ഒന്നര വര്‍ഷത്തിലധികമായി കേടായി കിടക്കുന്നു.യന്ത്രയൂഞ്ഞാല്‍, സീസോ,സ്‌പെയ്‌സ് ഹോക്കി,പെയിന്റ് ബോള്‍,ആര്‍ച്ചറി, ബാസ്‌കറ്റ് ബോള്‍,16 ഡി തീയേറ്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നില്ല.
കറന്റ് കണക്ഷണില്‍ വന്ന തകരാറാണ് 16 ഡി തിയ്യേറ്റര്‍ പ്രവര്‍ത്തിക്കാത്തതെന്ന് മാനേജര്‍ പറഞ്ഞു.മള്‍ട്ടി പര്‍പ്പസ് ഹാളും ഒഴിഞ്ഞുകിടക്കുകയാണ്.ബക്രീദ്ഓണം അവധിക്കാലത് കുട്ടികളെ ആകര്‍ഷിപ്പിച്ച് വരുമാനം കണ്ടെത്തുന്നതിനുള്ള ചേരുവകളൊന്നും പാര്‍ക്കിലില്ല.രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ഇങ്കിതത്തിനനുസരിച്ചു നിയമിച്ച 16 പേരാണ് പാര്‍ക്ക് നടത്തുന്നത്.
ഇവര്‍ക്ക് കൂട്ടായി ഒരുവര്‍ഷത്തെ കരാര്‍ നിയമിതനായ മനേജറുമുണ്ട്.ഡി.റ്റി.പി.സി വല്ലപ്പോഴും വന്നുപോവുന്ന സന്ദര്‍ശകര്‍ മാത്രം.ജീവനക്കാര്‍ സന്ദര്‍ശകരോട് അപമര്യാദയായി പെരുമാറിയതായും ആക്ഷേപമുണ്ട്.പരിശീലനം നേടിയ ജീവനക്കാരെ സുതാര്യമായ രീതിയില്‍ നിയമിക്കാനുള്ള നടപടികള്‍ ഡി.ടി.പി.സിയുടെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടില്ലെന്നതും വിരോധാഭാസം.
1934ല്‍ ഗാന്ധിജി കരിമ്പുഴ സന്ദര്‍ശനം നടത്തിയതിന്റെ ഭാഗമായാണ് ഷെഡ്ഡിന്‍കുന്നിലെ ജലസേചന വകുപ്പിന്റെ സ്ഥലത്ത് പാര്‍ക്ക് നിര്‍മ്മിച്ചത്.'കിറ്റ്‌കോ'യാണ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തത്.നിലിവല്‍ ഡി.റ്റി.പി.സിക്ക്് കൈമാറിയ 4.40 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാര്‍ക്കില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വിനോദസഞ്ചാര വകുപ്പില്‍ നിന്നുള്ള മൂന്നുകോടിയും മുന്‍ എം.എല്‍.എ എം. ഹംസയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് രണ്ടുകോടിയും ഉള്‍പ്പെടെ അഞ്ചുകോടി രൂപയാണ് പാര്‍ക്കിനായി അനുവദിച്ചത്.കോഴിക്കോട് ആസ്ഥാനമായുള്ള സി. എര്‍ത്താണ് പാര്‍ക്ക് രൂപകല്പന ചെയ്തത്.സ്‌പേസ് റിസര്‍ച്ച് സ്ഥാപിക്കുന്നതിനായി 20 ലക്ഷംരൂപ ജില്ലാ പഞ്ചായത്ത് നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."