ജനാധിപത്യത്തിന് കാവലും കരുതലുമായി രാധാകൃഷ്ണന്
വടകര: വില്ല്യാപ്പള്ളി വള്ള്യാട് സ്കൂളിലെ 115ാം നമ്പര്‍ ബൂത്തിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടറുടെ ഒന്നരമാസം പ്രായമുള്ള കൈക്കുഞ്ഞുമായി നില്ക്കുന്ന ഹോംഗാര്‍ഡ് രാധാകൃഷ്ണന്റെ ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബൂത്തിനുള്ളില്‍ വോട്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങളും സഹായങ്ങളും ചെയ്ത് നില്‍ക്കുമ്പോഴാണ് കൈക്കുഞ്ഞുമായി ഒരു യുവതിയെത്തിയത്. വോട്ടുചെയ്യാന്‍ സൗകര്യത്തിനായി കുഞ്ഞിനെ ഒന്നു എടുക്കാമോ എന്നു ചോദിച്ചപ്പോള്‍ രാധാകൃഷ്ണന് മറിച്ചൊന്ന് ചിന്തിച്ചില്ല. ഒന്നരമാസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ മാറോടണച്ച് അയാള്‍ നിന്നു.
ആരോ ഇത് ഫോട്ടോയെടുത്ത് പൊലിസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടു. പൊലിസിന്റെ ഫേസ്ബുക്ക് പേജിലും അപ്ലോഡ് ചെയ്ത ഫോട്ടോ പിന്നെ വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല. മാധ്യമങ്ങളില്‍ നിന്നും വിളികള്‍ വന്നപ്പോഴാണ് തന്റെ പ്രവൃത്തി ഇത്രത്തോളം നാട്ടില്‍ ചര്‍ച്ചയായ കാര്യം ഇദ്ദേഹം അറിയുന്നത്. പട്ടാളത്തിലെ ജോലിക്ക് ശേഷമാണ് ഒന്‍പതു വര്‍ഷം മുന്‍പ് രാധാകൃഷ്ണന് ഹോംഗാര്‍ഡായി സേവനത്തിനെത്തുന്നത്. മൂന്നര വര്‍ഷം കൊയിലാണ്ടി ട്രാഫിക്കിലും, മൂന്നു വര്‍ഷത്തോളം ഹൈവേ പട്രോളിങ്ങിലുമായിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി വടകര ട്രാഫിക് സ്റ്റേഷനിലാണ്. ചെങ്ങോട്ട്കാവ് മേലൂര്‍ ഉരുളിയേരിപൊയില് രാധകൃഷ്ണന് സമൂഹമാധ്യമങ്ങളില്‍ നന്മയുടെ പ്രതീകമായി നിറയുമ്പോഴും വള്ള്യാട് ബൂത്തില്‍ കര്‍മനിരതനായി വോട്ടര്മാര്ക്കൊപ്പമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."