തിരക്കൊഴിയാതെ ബൂത്തുകള്‍; ആഘോഷമാക്കി തീരദേശമേഖല
തിരുവനന്തപുരം: തലസ്ഥാനജില്ലയുടെ തീരദേശ മേഖല വോട്ടെടുപ്പ് അക്ഷരാര്‍ഥത്തില്‍ ആഘോഷമാക്കി. വോട്ടെടുപ്പിന്റെ സമയപരിധിയായ ആറുമണിക്കു ശേഷവും തീരദേശ മേഖലയിലെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട വരി ദൃശ്യമായിരുന്നു. ആറുമണിക്കു മുന്‍പ് വരിയില്‍ സ്ഥാനം പിടിച്ചവര്‍ക്ക്് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചു. ബീമാപ്പള്ളിയില്‍ കൃത്യം ആറുമണിക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് കേന്ദ്രമായ ബീമാപ്പള്ളി യു.പി സ്‌കൂളിന്റെ ഗേറ്റ് പൂട്ടിയത് സംഘര്‍ഷത്തിനിടയാക്കി. ഇവിടെ രാവിലെ അര മണിക്കൂറോളം യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസപ്പെട്ടിരുന്നു. അങ്ങനെ നഷ്ടപ്പെട്ട സമയം കൂടി പരിഗണിച്ച് അരമണിക്കൂര്‍ നീട്ടി നല്‍കി ഗേറ്റിനു മുന്നില്‍ കാത്തുനില്‍ക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് സ്ഥലത്തുണ്ടായിരുന്ന രാഷ്ട്രീയ പാര്‍്ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം വഴങ്ങാതിരുന്നതാണ് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചത്. വന്‍പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു.തുടര്‍ന്ന് പൊലിസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അര മണിക്കൂര്‍ കൂടി അനുവദിച്ചു. അഞ്ചുതെങ്ങ്, പെരുമാതുറ, മാടന്‍വിള, പുത്തന്‍തോപ്പ്, കഠിനംകുളം, തുമ്പ, പള്ളിത്തുറ, സ്റ്റേഷന്‍കടവ്, വേളി, ശംഖ് മുഖം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കടുത്ത ആവേശമാണ് വോട്ടര്‍മാര്‍ പ്രകടിപ്പിച്ചത്. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ വാക്കേറ്റങ്ങളുണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് രപരിഹരിച്ചു. പെരുമാതുറ മാടന്‍വിള ശംസുല്‍ ഇസ് ലാം സ്‌കൂളിലെ ബൂത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വയോധികരെ വാഹനത്തില്‍ വോട്ട് ചെയ്യിക്കാനെത്തിയത് സംഘര്‍ഷത്തിനിടയാക്കി. സി.പി.എം പ്രവര്‍ത്തകന്റെ കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്നു. കല്ലെറിഞ്ഞ മാടന്‍വിള സ്വദേശി സാജിദിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് ഇയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്് സി.പി.എം പ്രവര്‍ത്തകര്‍കഠിനംകുളം പൊലിസ് സ്റ്റേഷനു മുന്നില്‍ സംഘടിച്ചെത്തി. മറ്റിടങ്ങളിലെല്ലാം വോട്ടെടുപ്പ് സമാധാനപരമായിരുന്നു. തീരദേശത്തെ ഒട്ടുമിക്ക ബൂത്തുകളിലും വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ വൃദ്ധരും കന്നിവോട്ടര്‍മാരും ഉള്‍പ്പെടുന്ന നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. എട്ടുമണിയോടെ ബൂത്തുകളിലേക്ക് ജനം ഒഴുകിയെത്തി. ഓരോരുത്തരും ഒന്നും രണ്ടും മണിക്കൂര്‍ ക്യൂവില്‍ നിന്നാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. കിടപ്പുരോഗികളെയും വയോധികരെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വാഹനങ്ങളിലെത്തിച്ചു. വോട്ടെടുപ്പ് സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും കടലില്‍ പണിയെടുത്തവരും ദൂര സ്ഥലങ്ങളില്‍ മത്സ്യ വില്പന കഴിഞ്ഞെത്തിയ സ്ത്രീകളും ബൂത്തുകളിലേക്ക് ഓടി എത്തുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."