വോട്ടിങ് യന്ത്രത്തിന് തകരാര്‍; ബൂത്തുകളില്‍ വലഞ്ഞ് ജനം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്നലെ നടന്ന വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍ കാരണം ജനം വലഞ്ഞു. വോട്ടിങ് യന്ത്രങ്ങള്‍ക്ക് ഉണ്ടായ തകരാര്‍ ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം പരിഹരിക്കാന്‍ കഴിയാതെ പോയതോടെ പല സ്ഥലങ്ങളിലും വോട്ടിങ് ആരംഭിക്കുന്നതുതന്നെ വൈകിപ്പിച്ചു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഇടയ്ക്കും പണിമുടക്കി. യന്ത്രങ്ങള്‍ ഒരു മണിക്കൂറിലധികം വൈകിയെങ്കിലും പുതിയവ സ്ഥാപിച്ച് വോട്ടിങ് തുടര്‍ന്നു. കാലാവസ്ഥയും മഴയുടെ സാന്നിധ്യവും മൂലം വോട്ടിങ് യന്ത്രങ്ങള്‍ക്കുണ്ടായ തകരാര്‍ പിന്നീട് പരിഹരിക്കപ്പെട്ടു. ഇതെല്ലാം ജനങ്ങളെ വലയ്ക്കുകയാണ് ചെയ്തത്.
കല്ലമ്പലം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ മണ്ഡലത്തില്‍പെട്ട കല്ലമ്പലം മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് ജനത്തെ വലച്ചു. ക്യൂവില്‍ നിന്ന രണ്ട് പേര്‍ കുഴഞ്ഞു വീണു. ഒട്ടേറെപ്പേര്‍ ഒട്ടിടാതെ മടങ്ങി. രാവിലെ ഏഴ് മണിക്ക് വോട്ടിംഗ് ആരംഭിച്ചതു മുതല്‍ വൈകിട്ട് അവസാനിക്കുന്നത് വരെ തിരക്കുണ്ടായിരുന്നു. വോട്ടിംഗ് യന്ത്രം തകരാറിലായതിനാല്‍ വൈകിട്ട് ആറുമണി കഴിഞ്ഞും വോട്ട് രേഖപ്പെടുത്താന്‍ മിക്ക ബൂത്തുകളിലും സമയം അനുവദിച്ചു.
നാവായിക്കുളം മരുതിക്കുന്ന് ബി.വി.യു.പി.എസിലെ അറുപത്തി ഒന്‍പതാം നമ്പര്‍ ബൂത്തിലാണ് പോളിംഗ് നടപടികള്‍ മന്ദഗതിയിലായിരുന്നു. ഇതേതുടര്‍ന്ന് ഉണ്ടായ നീണ്ട നിരയില്‍നിന്ന് വെയിലേറ്റ നാവായിക്കുളം മരുതിക്കുന്നു സ്വദേശികളായ ഉഷ, ശരണ്യ എന്നിവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും കുഴഞ്ഞു വീഴുകയും ചെയ്തു. ഇവരെ പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ല.
തോട്ടയ്ക്കാട് എം.ജി.യു.പി.എസിലെ ബൂത്ത് നമ്പര്‍ 34, ചാവര്‍കോട് മദര്‍ ഇന്ത്യ സ്‌കൂളിലെ ബൂത്ത് നമ്പര്‍ 46, വെള്ളല്ലൂര്‍ യു.പി.എസിലെ ബൂത്ത് നമ്പര്‍ 57, 58, 62, നാവായിക്കുളം എച്ച്.എസിലെ രണ്ട് ബൂത്തുകള്‍ എന്നിവിടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളാണ് തകരാറിലായത്. രാവില 10.30 നും 11 നുമിടയ്ക്കാണ് മിക്ക സ്ഥലങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറിലായത്. തകരാര്‍ പരിഹരിക്കാന്‍ രണ്ട് മണിക്കൂറോളം സമയമെടുത്തു. വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ കാരണം വെള്ളല്ലൂര്‍ യു.പി.എസിലെ ഒരു ബൂത്തില്‍ ഏഴര കഴിഞ്ഞാണ് പോളിംഗ് തുടങ്ങിയത്. യന്ത്ര തകരാറും നീണ്ട ക്യൂവും കാരണം വൃദ്ധരും സ്ത്രീകളും പല ബൂത്തുകളിലും വോട്ട് രേഖപ്പെടുത്താതെ മടങ്ങി.
കാട്ടാക്കട: കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെട്ട വിവിധ ബൂത്തുകളില്‍ യന്ത്ര തകരാര്‍ മൂലം മണിക്കൂറുകളോളം വോട്ടിങ് തടസപ്പെട്ടു.കുളത്തുമ്മല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 63 ല്‍ കണ്‍ട്രോളിംഗ് മെഷ്യന്‍ ലോക്ക് റിലീസ് ചെയ്യാന്‍ സാധിക്കാതെ 45 ഓളം മിനിറ്റ് വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. കുറ്റിച്ചലില്‍ 206 നമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാര്‍ കാരണം 7.40 ഓടെയാണ് വോട്ടിങ് ആരംഭിച്ചത്. തൂങ്ങാമ്പാറയിലെ ഒരു ബൂത്തിലും പുളികോട് 174 നമ്പര്‍ ബൂത്തിലും മിഷീന്‍ തകരാര്‍ കാരണം വോട്ടിങ് തടസപ്പെട്ടു.
കാറ്റക്കോട് സെന്റ് ആന്റണീസ് സ്‌കൂളിലെ അറുപതാം നമ്പര്‍ ബൂത്തില്‍ തുടക്കത്തില്‍ യന്ത്രം പണിമുടക്കിയെങ്കിലും പിന്നീട് പ്രശ്‌നം പരിഹരിച്ചു. മിഷീന്‍ തകരാര്‍ കാരണം ആര്യനാട് പിഡബ്ല്യു.ഡി ബൂത്തില്‍ പത്തു മിനിറ്റ് വൈകിയാണ് വോട്ടിങ് തുടങ്ങിയത്. വിളപ്പില്‍ പഞ്ചായത്തില്‍ ബൂത്ത് 53 എന്‍.എസ്.എസ് സ്‌കൂളില്‍ വി വി പാറ്റ് മേഷീനില്‍ സ്ലിപ് തകരാര്‍ സംഭവിച്ചു. 20 മിനിറ്റ് വോട്ടിങ് തടസപ്പെട്ടു. വിളവൂര്‍ക്കല്‍ നാലാം നമ്പര്‍ ബൂത്തിലും തകരാര്‍ കാരണം വോട്ടിങ് തടസപ്പെട്ടിരുന്നു. വിളവൂര്‍ക്കലില്‍ പൊറ്റയില്‍ സന്റ് മേരീസ് സ്‌കൂളിലെ ബൂത്ത് 15ല്‍ വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ കാരണം വോട്ടെടുപ്പ് രണ്ടു മണിക്കൂറിലധികം നിര്‍ത്തിവച്ചു. പകരം കൊണ്ടുവന്ന മെഷ്യനും തകരാറിലായതോടെ പുതിയത് കൊണ്ടുവരുന്നതുവരെ വോട്ടിങ്ങ് നിര്‍ത്തിവച്ചു. വിളവൂര്‍ക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷ്യന്‍ തകരാര്‍ പരിശോധന സമയത്തു തന്നെ ശ്രദ്ധയില്‍ പെട്ടു. ഇതു പരിഹരിക്കാനായി ഒരു മണിക്കൂര്‍ സമയം എടുത്തു. ബി.എല്‍.ഒമാര്‍ നല്‍കിയ സ്ലിപ്പ് മാത്രം കൊണ്ട് വോട്ടിങ്ങ് എത്തിയവര്‍ക്ക് പലയിടത്തും വോട്ട് ചെയ്യാനകാതെ തിരിച്ചുപോയി തിരിച്ചറിയല്‍ കാര്‍ഡുമായി വരേണ്ടിവന്നു.
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മണ്ഡലത്തിലെ പല സ്ഥലങ്ങളിലും വോട്ടിങ് യന്ത്രത്തില്‍ തകരാറുണ്ടായി. മോക്ക് പോളിനു ശേഷം വോട്ടിങ് ആരംഭിച്ചപ്പോഴായിരുന്നു ചില സ്ഥലങ്ങളില്‍ പ്രശ്‌നമുണ്ടായത്. വാമനാപുരം മണ്ഡലത്തിലെ പാലോടുള്ള കരിമണ്‍കോട് എല്‍.പി സ്‌കൂളിലെ 103-ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രം അഞ്ച് വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷം നിലയ്ക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ പ്രശ്‌നം അറിയിച്ചെങ്കിലും ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും പരിഹാരമുണ്ടായില്ല. പിന്നീട് റിട്ടേണിങ്ങ് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ടിങ് യന്ത്രം ഓഫ് ചെയ്ത് ഓണ്‍ ചെയ്തപ്പോള്‍ യന്ത്രത്തകരാര്‍ പരഹിരിക്കപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."