തീരദേശ മേഖലക്കായി വഖ്ഫ് ബോര്‍ഡ് തിരൂരില്‍ ഓഫിസ് തുറക്കുന്നു
മലപ്പുറം: തീരദേശ മേഖലക്കായി വഖഫ് ബോര്‍ഡ് തിരൂരില്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് തുറക്കുന്നു. ആദ്യഘട്ടത്തില്‍ തിരൂര്‍, പൊന്നാനി താലൂക്കുകളിലെ വഖ്ഫുകളെ ഇതിന് കീഴിലേക്ക് മാറ്റും. തുടര്‍ന്ന് തീരദേശ മേഖലകളിലെ എല്ലാ വഖ്ഫുകളെയും മാറ്റാനാണ് ആലോചിക്കുന്നത്. ഇപ്പോള്‍ ജില്ലയില്‍ മഞ്ചേരി ഡിവിഷന് ഓഫിസ് മാത്രമാണുള്ളത്. ഇതുമൂലം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ ഏറെപ്രയാസമനുഭവിക്കുന്നുണ്ട്്. പൊന്നാനി, എടപ്പാള്‍, ചങ്ങരംകുളം, തിരൂര്‍, കടലുണ്ടി, പരപ്പനങ്ങാടി, ചെമ്മാട് മേഖലകളില്‍ നിന്ന് മഞ്ചേരിയിലെത്താന്‍ മണിക്കൂറുകളോളം യാത്ര ചെയ്യണം. ചെറിയ ആവശ്യങ്ങള്‍ക്ക് പോകണമെങ്കില്‍ പോലും ഒരു ദിവസം നഷ്ടപ്പെടും. അതിനാല്‍ പടിഞ്ഞാറന്‍ മേഖല കേന്ദ്രീകരിച്ച് എക്സ്റ്റന്‍ഷന്‍ ഓഫിസ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
നിലവില്‍ തിരൂര്‍, പൊന്നാനി താലൂക്കുകളിലായി 1350 വഫുകളാണ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2000ാളം വഖ്ഫുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇവ കൂടിയാകുന്നതോടെ തിരൂര്‍ ഓഫിസിന് കീഴില്‍ 3000ലേറെ വഖ്ഫുകളാകും. പുതിയ വഖഫുകളുടെ രജിസ്ട്രേഷന് കൂടി ബോര്‍ഡിന് കീഴിലാക്കലും പുതിയ ഓഫിസിന്റെ ലക്ഷ്യമാണ്.
കഴിഞ്ഞ വഖ്ഫ് ബോര്‍ഡ് യോഗത്തിലാണ് എക്സ്റ്റന്‍ഷന്‍ ഓഫിസ് ആരംഭിക്കുന്നതിന് തീരുമാനമെടുത്തത്. തിരൂരിന് പുറമെ പാലക്കാടും എക്സ്റ്റന്‍സ് ഓഫിസ് തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് ഓഫിസുകളും ഡിസംബറോടെ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ കല്‍പ്പറ്റ, കാസര്‍കോഡ് എന്നിവിടങ്ങളിലാണ് എക്സ്റ്റന്‍ഷന്‍ ഓഫിസുകളുള്ളത്. മഞ്ചേരി ഡിവിഷന് ഓഫിസ് പരിധിയില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കിലെ വഖ്ഫുകള്‍ കൂടി ഉള്‍പ്പെടുന്നുണ്ട്. എക്സ്റ്റന്‍ഷന്‍ ഓഫിസ് വരുന്നതോടെ ഡിവിഷന് ഓഫിസിന്റെ ജോലി ഭാരം പകുതിയായി കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."