സര്‍ക്കാരിലേക്ക് നീങ്ങുന്ന അന്വേഷണം
ലൈഫ് മിഷന്‍ പദ്ധതിക്കായി അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ വിദേശഫണ്ട് സ്വീകരിച്ചതിനെതിരേ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ റെഡ്ക്രസന്റ് എന്ന സംഘടനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതിനെതിരേയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. റെഡ്ക്രസന്റില്‍ നിന്ന് ഫണ്ട് വാങ്ങിയതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിട്ടുണ്ടോ, ഇതുസംബന്ധിച്ച് ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരുന്നോ എന്നീ കാര്യങ്ങളിലാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.
റെഡ്ക്രസന്റുമായി ഒപ്പുവച്ച ധാരണാപത്രത്തിലെ വിവരങ്ങള്‍, യോഗങ്ങളുടെ മിനുട്‌സ്, നിയമോപദേശം, കരാര്‍ രേഖകള്‍ എന്നിവ നല്‍കാനും ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ ഏജന്‍സിയില്‍ നിന്ന് ഫണ്ട് സ്വീകരിക്കുമ്പോള്‍ കേന്ദ്രാനുമതി വാങ്ങണമെന്ന ചട്ടം പാലിച്ചോവെന്ന ചോദ്യത്തിന് വിദേശ സര്‍ക്കാരുകളില്‍ നിന്ന് വാങ്ങുമ്പോള്‍ മാത്രമേ അനുമതി വാങ്ങേണ്ടതുള്ളൂവെന്ന സംസ്ഥാനത്തിന്റെ വിശദീകരണം എന്‍ഫോഴ്‌സ്‌മെന്റ് അംഗീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഫണ്ട് വന്നതെങ്കില്‍ മാത്രമേ ഈ വിശദീകരണം സ്വീകരിക്കാനാവൂവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിലപാട്. ഈ ഫണ്ട് വന്നത് പദ്ധതിപ്രവര്‍ത്തനത്തിനായതിനാല്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട് .
ലൈഫ് മിഷന്‍ പദ്ധതിപ്രകാരമുള്ള വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ റെഡ്ക്രസന്റുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. നിര്‍മാണ കരാര്‍ യൂണിടാക്ക് എന്ന കമ്പനിക്ക് നല്‍കാനുള്ള കരാറിലും ഒപ്പുവച്ചു. കരാറുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് കമ്മീഷന്‍ വാങ്ങിയെന്നാണ് സര്‍ക്കാരിനെതിരേ നേരത്തെ ഉയര്‍ന്നുവന്ന ആരോപണം. എന്നാല്‍, ഇപ്പോള്‍ കരാറില്‍ തന്നെ അട്ടിമറി നടന്നതായുള്ള വിവരമാണ് പുറത്തുവരുന്നത്. 20 കോടി രൂപയാണ് റെഡ്ക്രസന്റ് ലൈഫ് മിഷന്‍ പദ്ധതിക്കായി നീക്കിവച്ചത്. ഇത് സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. എന്നാല്‍, സംസ്ഥാനം അനുമതി വാങ്ങിയിട്ടില്ല.
സര്‍ക്കാരിന് ഈ പദ്ധതിയുമായി ബന്ധമില്ലെന്നും നിര്‍മാണകമ്പനിയായ യൂണിടാക്കും യു.എ.ഇയിലെ സന്നദ്ധസംഘടനയായ റെഡ്ക്രസന്റും തമ്മിലാണ് കരാറെന്നുമായിരുന്നു സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാട്. ഈ വാദത്തിന് ബലംനല്‍കാനാണോ കരാറില്‍ അട്ടിമറി നടത്തിയതെന്ന് കരുതുന്നതില്‍ തെറ്റില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൈയെടുത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കരാറില്‍ ഒപ്പിട്ടതെന്നാണ് ഉയര്‍ന്ന മറ്റൊരു ആക്ഷേപം. യൂണിടാക്ക് ആകെ 4.25 കോടിയാണ് കമ്മീഷനായി നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാസുരേഷിന് ഈ ഇടപാടില്‍ ഒരു കോടി രൂപയും മറ്റൊരു പ്രതി സന്ദീപ് നായര്‍ക്ക് 75 ലക്ഷവും കമ്മീഷന്‍ ലഭിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ബാക്കി കമ്മീഷന്‍ സ്വപ്നക്കൊപ്പം യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് കൈപ്പറ്റിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഇടതുസര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയുമായിരുന്ന ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയാണിപ്പോള്‍ ശിവശങ്കറും സ്വപ്നയും കൂടി തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നത്. കേരളത്തിലെ ഭൂരഹിതരായവര്‍ക്കും ഭവനരഹിതര്‍ക്കും വാസയോഗ്യമായ ഭവനമില്ലാത്തവര്‍ക്കും വീടുകളോ ഫ്‌ളാറ്റോ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ പദ്ധതി. പ്രളയ ദുരിതാശ്വാസഫണ്ട് വരെ സര്‍ക്കാര്‍ വകമാറ്റി ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് നീക്കിയെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പ്ലാച്ചിമടയിലെ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നവര്‍ താമസിക്കാന്‍ ഇടമില്ലാതെ അലയുകയാണിപ്പോഴും.
റെഡ്ക്രസന്റ് ഏറ്റെടുത്ത വടക്കാഞ്ചേരിയിലെ 20 കോടി രൂപ ചെലവുവരുന്ന ഫ്‌ളാറ്റ് നിര്‍മാണ കരാര്‍ കിട്ടാന്‍ 4.25 കോടി രൂപ കൈക്കൂലി കൊടുക്കേണ്ടിവന്നുവെന്ന് നിര്‍മാണമേറ്റെടുത്ത യൂണിടാക് ബില്‍ഡേഴ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കിയിട്ടുണ്ട്. കമ്മീഷനായി കിട്ടിയ തുക സൂക്ഷിക്കാനാണ് ശിവശങ്കറിന്റെ നിര്‍ദേശാനുസരണം ലോക്കര്‍ എടുത്തതെന്ന് സ്വപ്നയും മൊഴിനല്‍കി. ഈ വെളിപ്പെടുത്തലുകളെല്ലാം ഉപയോഗിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള സാധ്യത ഏറെയാണ്. പദ്ധതിക്കായുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് പദ്ധതിയുടെ ചെയര്‍മാനായ മുഖ്യമന്ത്രിയാണ്. ഇതിനുശേഷം ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് റെഡ്ക്രസന്റുമായി നടത്തിയ എല്ലാ കത്തിടപാടിലും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്നും പറയുന്നു. പിന്നെ എങ്ങനെയാണ് സര്‍ക്കാരിന് ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവുക.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മന്ത്രി എ.സി മൊയ്തീന്‍, സി.ഇ.ഒ യു.വി ജോസ് എന്നിവര്‍ക്കെല്ലാം ഇതുമായി ബന്ധമുണ്ട്. ഉത്തരവാദിത്വത്തില്‍നിന്ന് ഇവര്‍ക്കാര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ഫയലുകള്‍ കണ്ടിട്ടില്ലെന്ന മുട്ടാപ്പോക്ക് നയം അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലക്കെടുക്കണമെന്നില്ല. ഇനി ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഒരു അന്വേഷണത്തിന് ഉത്തരവിട്ടാലും ഇടപാടിലെ ദുരൂഹത മാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."